ധാക്ക: ബംഗ്ലാദേശിൽ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് ആളുകൾ ഒത്തു കൂടിയത് ആശങ്ക ഉയർത്തുന്നു. രാജ്യത്തെ ഇസ്ലാമിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാവും മതപണ്ഡിതനുമായ മൗലാന സുബൈർ അഹമ്മദ് അന്‍സാരിയുടെ സംസ്കാര ചടങ്ങുകൾക്കാണ് ഒരു ലക്ഷത്തോളം ആളുകൾ ഒത്തു കൂടിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച ബ്രഹ്മൻബാരിയ ജില്ലയിലായിരുന്നു സംഭവം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുള്ള ബംഗ്ലാദേശിൽ പ്രാര്‍ഥനയ്ക്കായി അഞ്ചിൽ കൂടുതൽ ആളുകള്‍ ഒത്തു ചേരുന്നതിന് പോലും വിലക്കുണ്ട്. എന്നാൽ എല്ലാ നിയന്ത്രണങ്ങളും മറികടന്നാണ് സംസ്കാര ചടങ്ങിൽ ഇത്രയധികം ആളുകൾ പങ്കെടുത്തത്.
ഇത്രയധികം ആളുകൾ ചടങ്ങിൽ പങ്കെടുത്തുവെന്ന കാര്യം പൊലീസും പ്രധാനമന്ത്രിയുടെ സ്പെഷ്യൽ അസിസ്റ്റന്‍റ് ഷാ അലി ഫര്‍ഹദും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും ആളുകള്‍ ഒരുമിച്ചെത്തിയതിനാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനും കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. കോവിഡ് വ്യാപന ഭീതിയിലുള്ള രാജ്യത്ത് ഈ ചടങ്ങ് മൂലം രോഗം വീണ്ടും വ്യാപിക്കുമോയെന്ന ഭയത്തിലാണ് ഭരണാധികാരികൾ.
അതേസമയം ഇത്രയധികം ആളുകൾ എങ്ങനെ ഒത്തുകൂടിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ പ്രത്യേക കമ്മിറ്റിക്ക് രൂപം കൊടുത്തുവെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ അനുസരിച്ച് ബംഗ്ലാദേശിൽ 2456 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 91 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ കിറ്റുകളുടെ ദൗർലഭ്യം ഉള്ള രാജ്യത്ത് യഥാര്‍ഥ കണക്കുകൾ ഇതിലും കൂടുതലാകാമെന്നാണ് അധികൃതർ തന്നെ പറയുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.