ദീർഘ കാല കോവിഡ് രോഗികൾക്ക് ഉറക്ക അസ്വസ്ഥതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ലോംഗ് കോവിഡ് ബാധിച്ച 41 ശതമാനം രോഗികൾക്കും മിതമായതും കഠിനവുമായ ഉറക്ക അസ്വസ്ഥതകളുണ്ടെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പറയുന്നത്. ജേണൽ ഓഫ് ജനറൽ ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ദീർഘകാല കോവിഡ് രോഗികളിൽ അമിതമായ ഉത്കണ്ഠ, ക്ഷീണം, മിതമായതും കഠിനമായതുമായ ഉറക്കപ്രശ്നങ്ങൾ എന്നിവയുണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ദീർഘ കോവിഡ് രോഗികളിൽ ക്ഷീണവും ഉറക്ക പ്രശ്നങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഈ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട തീവ്രതയേയും മറ്റു കാര്യങ്ങളേയും കുറിച്ച് വളരെ കുറച്ചു മാത്രമേ അറിയൂവെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്കിന്റെ സ്ലീപ്പ് ഡിസോർഡേഴ്‌സ് സെന്ററിലെ മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ സിന്തിയ പെന ഓർബിയ പറയുന്നു.
Also Read- കോവിഡ് ഉത്ഭവിച്ചത് വുഹാനിലെ റക്കൂൺ നായ്ക്കളിൽ നിന്നോ? പുതിയ പഠനറിപ്പോർട്ട് പുറത്ത് 2021 ഫെബ്രുവരിക്കും 2022 ഏപ്രിലിനും ഇടയിൽ, ലോംഗ് കോവിഡ് ബാധിച്ച 962 മുതിർന്ന രോഗികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളാണ് ഗവേഷകർ ശേഖരിച്ചത്. സർവേയിൽ പങ്കെടുത്തവരെല്ലാം കോവിഡ് മുക്തരായവരാണ്. ക്ഷീണത്തെ കുറിച്ചും ഉറക്ക തകരാറുകളെ കുറിച്ചും ഗവേഷകർ നൽകിയ ചോദ്യാവലി പൂർത്തിയാക്കി നൽകി.
Also Read- ‘മാസ്‌ക്നെ’ ആണോ പ്രശ്നം? കോവിഡ് വീണ്ടും വർധിക്കുന്നതിനിടയിൽ ഇത് എങ്ങനെ തടയാം?
ഇതിൽ മൂന്നിൽ രണ്ട് ഭാഗം ആളുകൾക്കും (67.2 ശതമാനം) മിതമായതോ കഠിനമായതോ ആയ ക്ഷീണം ഉണ്ടെന്നും 21.8 ശതമാനം പേർ കടുത്ത ക്ഷീണമുണ്ടെന്നും രേഖപ്പെടുത്തി. പകുതിയിലധികം പേരും (58 ശതമാനം) ഉറക്കത്തിൽ സാധാരണ മുതൽ നേരിയ അസ്വസ്ഥതയുണ്ടെന്ന് പറയുന്നു. എന്നാൽ, 41.3 ശതമാനം പേർ മിതമായതും കഠിനവുമായ ഉറക്ക പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കി.
ലോംഗ് കോവിഡുമായി ബന്ധപ്പെട്ട ഉറക്ക പ്രശ്നങ്ങൾക്കു പിന്നിലെ ന്യൂറോബയോളജിക്കൽ മെക്കാനിസങ്ങളും കാരണങ്ങളും മനസ്സിലാക്കേണ്ട ആവശ്യമുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Long Covid |, What is Long Covid