മുസ്ലിം പുരുഷൻ രണ്ടാം ഭാര്യയെ നോക്കണം എന്ന് പറഞ്ഞ് ആദ്യ ഭാര്യയ്ക്ക് ജീവനാംശം കൊടുക്കാതിരിക്കാൻ പറ്റില്ലെന്ന് കേരള ഹൈക്കോടതി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ആദ്യ ഭാര്യയ്ക്ക് ജീവനാംശം അനുവദിച്ച കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികള്‍ തള്ളികൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം
ഇസ്ലാം നിയമപ്രകാരം പുരുഷന്മാര്‍ക്ക് ബഹുഭാര്യത്വം അനുവദിക്കുന്നത് അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണെന്ന് കേരള ഹൈക്കോടതി. രണ്ടാം ഭാര്യയെ പരിപാലിക്കണമെന്നത് ചൂണ്ടിക്കാട്ടി ആദ്യ ഭാര്യയുടെ ജീവനാംശം കൊടുക്കുന്നത് ഒഴിവാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ആദ്യ ഭാര്യയ്ക്ക് ജീവനാംശം അനുവദിച്ച കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികള്‍ തള്ളികൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ആദ്യ വിവാഹം നിലനില്‍ക്കെ രണ്ടാമതും വിവാഹം ചെയ്ത മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള പുരുഷന് ആദ്യ ഭാര്യയെ നോക്കാന്‍ ഒരു മാര്‍ഗവുമില്ലെന്ന് വാദിക്കാന്‍ കഴിയില്ലെന്നും ഡോ. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പറഞ്ഞു. ആദ്യ ഭാര്യയിലെ മക്കള്‍ സാമ്പത്തിക ശേഷി ഉള്ളവരാണെങ്കിലും ഭര്‍ത്താവ് ജീവനാംശം നല്‍കാൻ ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി.
ഇസ്ലാമില്‍ ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരുണ്ടാകാന്‍ നിക്ഷിപ്ത അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. മുസ്ലീം നിയമത്തില്‍ ഏകഭാര്യത്വമാണ് പൊതുവായ നിയമമെന്നും ബഹുഭാര്യത്വം അസാധാരണമായ സാഹചര്യങ്ങളില്‍ അനുവദിക്കുന്ന ഇളവ് മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement
ഖുറാനിലെ സൂക്തം അനുസരിച്ച് ഇസ്ലാം നിയമപ്രകാരം ബഹുഭാര്യത്വം സ്വീകരിച്ച പുരുഷന് എല്ലാ ഭാര്യമാരോടും നീതിപൂര്‍വം പെരുമാറാന്‍ കഴിയണമെന്നും സ്‌നേഹത്തിലും വാത്സല്യത്തിലും മാത്രമല്ല പരിപാലനത്തിലും ഭാര്യമാരോട് തുല്യത പുലര്‍ത്തണമെന്നും കോടതി പറഞ്ഞു. അതിനാല്‍ ആദ്യ വിവാഹം നിലനില്‍ക്കെ രണ്ടാമതും വിവാഹം കഴിച്ച ഭര്‍ത്താവിന് തന്റെ ആദ്യ ഭാര്യയെ പരിപാലിക്കാന്‍ കഴിയില്ലെന്ന് വാദിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
രണ്ടാം ഭാര്യയുണ്ടെന്നും അവളെ പരിപാലിക്കണമെന്നുമുള്ള വസ്തുത ആദ്യ ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കാനോ അവള്‍ക്ക് അര്‍ഹമായ ജീവനാംശം കുറയ്ക്കുന്നതിനോ ഒരു ഘടകമാകില്ലെന്നും കോടതി വിധിച്ചു. മക്കള്‍ ഭാര്യയെ നോക്കുന്നുണ്ടെങ്കിലും ഭര്‍ത്താവ് നിയമപരമായ ബാധ്യതയില്‍ നിന്ന് ഒഴിവാകുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
advertisement
ഹർജിക്കാരന് ജോലിയില്ലെന്നും ബ്യൂട്ടി പാര്‍ലര്‍ നടത്തി ഉപജീവനം കണ്ടെത്തുന്ന ആദ്യ ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ ഒരു മാര്‍ഗവുമില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. 2015-ല്‍ മതിയായ കാരണമില്ലാതെയാണ് ഭാര്യ ഹർജിക്കാരനെ ഉപേക്ഷിച്ചതെന്നും അതിനാല്‍ ക്രിമിനല്‍ നടപടിക്രമത്തിലെ സെക്ഷന്‍ 125(4) പ്രകാരം ജീവനാംശത്തിന് അര്‍ഹതയില്ലെന്നും അദ്ദേഹം വാദിച്ചു. രണ്ടാമത്തെ ഭാര്യയെ നോക്കേണ്ടതിനാല്‍ ആദ്യ ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞു.
മകന്‍ ജീവനാംശം നല്‍കുന്നതിനാല്‍ ഭര്‍ത്താവിനെതിരായ ജീവനാംശത്തിനുള്ള അവകാശവാദം നിയമപരമായി നിലനില്‍ക്കുന്നില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു. ആദ്യ ഭാര്യ വേര്‍പിരിഞ്ഞ് താമസിക്കാനുള്ള തീരുമാനം മതിയായ കാരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കോടതി നീരീക്ഷിച്ചു. മതിയായ കാരണമില്ലാതെയാണ് ആദ്യ ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചതെന്ന വാദവും കോടതി തള്ളി. ആദ്യ ഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്ലീം പുരുഷൻ രണ്ടാം വിവാഹം ചെയ്യുന്നത് ആദ്യ ഭാര്യക്ക് വേര്‍പിരിഞ്ഞ് താമസിക്കാന്‍ മതിയായ കാരണമാണെന്നും കോടതി നിരീക്ഷിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 27, 2025 2:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മുസ്ലിം പുരുഷൻ രണ്ടാം ഭാര്യയെ നോക്കണം എന്ന് പറഞ്ഞ് ആദ്യ ഭാര്യയ്ക്ക് ജീവനാംശം കൊടുക്കാതിരിക്കാൻ പറ്റില്ലെന്ന് കേരള ഹൈക്കോടതി


