ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കൂടുതലുള്ള കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ അയച്ചു. അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പൂര്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.
കേരളത്തിലേക്കുള്ള സംഘത്തെ പൊതു ജനാരോഗ്യ വിദഗ്ധയായ ഡോ. രുചി ജെയിന് നയിക്കും. കൃത്യമായ ലക്ഷ്യം വച്ചുള്ള കോവിഡ് പ്രതികരണത്തിനും മഹാമാരി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും സംഘങ്ങള്‍ സംസ്ഥാനങ്ങളെ പിന്തുണയ്ക്കും. രണ്ട് അംഗ ഉന്നതതല സംഘത്തില്‍ ഒരു ക്ലിനിഷ്യനും ഒരു പൊതുജനാരോഗ്യ വിദഗ്ധനും ഉള്‍പ്പെടുന്നു.
Also Read-മുട്ടില്‍ മരംമുറി കേസില്‍ ആരോപണവിധേയനായ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മന്ത്രിക്കൊപ്പം വേദിയില്‍
സംഘങ്ങള്‍ ഉടനടി സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയും കോവിഡ്-19 കൈകാര്യം ചെയ്യുന്ന മൊത്തത്തിലുള്ള രീതി നിരീക്ഷിക്കുകയും ചെയ്യും. പ്രത്യേകിച്ച് പരിശോധന-നിരീക്ഷണ-നിയന്ത്രണ പ്രവര്‍ത്തനങ്ങളും, കോവിഡ് ഉചിത പെരുമാറ്റം നടപ്പിലാക്കുന്നതും സംഘം വിലയിരുത്തും.
കൂടാതെ, ആശുപത്രി കിടക്കകളുടെ ലഭ്യത, ആംബുലന്‍സുകള്‍, വെന്റിലേറ്ററുകള്‍, മെഡിക്കല്‍ ഓക്സിജന്‍ മുതലായ ആവശ്യമായ വസ്തുക്കളുടെ ലഭ്യത, വാക്സിനേഷന് പുരോഗതി എന്നിവയും സംഘം നിരീക്ഷിക്കും.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചശേഷം പരിഹാര നടപടികള്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശിക്കുകയും ചെയ്യും. റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നല്‍കും.
Also Read-'ചക്ക വീണ് മരിച്ചവരുടെ പേരും കോവിഡ് മരണത്തിൽ ഉൾപ്പെടുത്തണോ?' എന്നാണ് ആരോഗ്യമന്ത്രി ചോദിച്ചത്: സുധാകരൻ
അതേസമയം കോവിഡ് പോസിറ്റീവായി മൂന്നുമാസത്തിനകം മരിച്ചവരുടെ മരണസര്‍ട്ടിഫിക്കറ്റിലും മരണകാരണം കോവിഡാണെന്ന് രേഖപ്പെടുത്തുന്നകാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. കോവിഡ് ബാധിച്ചശേഷം മറ്റു സങ്കീര്‍ണതകള്‍കൊണ്ട് ആശുപത്രിയിലോ വീട്ടിലോ വെച്ച് മരിച്ചാല്‍ ഇത്തരത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മരണ സര്‍ട്ടിഫിക്കറ്റിന്റെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന് മാര്‍ഗരേഖയിറക്കാനും ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
കോവിഡില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലെ വിധിയിലാണ് മരണ സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ഈ രേഖയിലെ മരണകാരണത്തില്‍ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ പരിഹരിക്കാനും സംവിധാനമുണ്ടാക്കണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സര്‍ട്ടിഫിക്കറ്റിനുള്ള മാര്‍ഗരേഖയുണ്ടാക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സില്‍ക്കാണണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
Also Read-ഓക്സ്ഫോർഡ് - അസ്ട്രാസെനെക വാക്സിന്റെ മൂന്നാം ഡോസ് രോഗപ്രതിരോധ ശേഷി കൂട്ടുന്നുവെന്ന് പഠനം
രജിസ്റ്ററിങ് അതോറിറ്റികള്‍ക്കായി ഇറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിച്ചതായി സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍, നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി.
4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍, തുക എത്രയെന്നു പറയാതെ ഉചിതമായ തുക സര്‍ക്കാര്‍ നല്‍കണമെന്നാണ് നിര്‍ദേശിച്ചത്. ഇതിനായി ആറാഴ്ചയ്ക്കുള്ളില്‍ പ്രത്യേക മാര്‍ഗരേഖ തയാറാക്കാനും ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ധനകാര്യ കമ്മിഷന് നിര്‍ദേശിച്ചതു പ്രകാരം ശ്മശാന ജീവനക്കാര്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി രൂപീകരിക്കുന്ന കാര്യവും പരിഗണിക്കാന്‍ നിര്‍ദേശമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.