Covid-19 | കോവിഡ് മുക്തരായി രണ്ട് വർഷത്തിനു ശേഷവും രോഗിയിൽ ഒരു ലക്ഷണമെങ്കിലും കാണപ്പെടുമെന്ന് പഠനം
- Published by:Anuraj GR
- news18-malayalam
Last Updated:
കോവിഡിൽ നിന്ന് സുഖം പ്രാപിച്ച രോഗികളെ രോഗം ബാധിച്ചിട്ടില്ലാത്തവരുമായി താരതമ്യപ്പെടുത്തിയതാണ് പഠനം നടത്തിയത്
കോവിഡ് -19 (Covid-19) ബാധിച്ച്, രോഗമുക്തരായവരിൽ പകുതി ആളുകൾക്കും രണ്ട് വർഷങ്ങൾക്കു ശേഷവും കുറഞ്ഞത് ഒരു ലക്ഷണമെങ്കിലും ഉണ്ടാകുമെന്ന് പുതിയ പഠനം. ദ ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിനിൽ (The Lancet Respiratory Medicine) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. കോവിഡിൽ നിന്ന് സുഖം പ്രാപിച്ച രോഗികളെ രോഗം ബാധിച്ചിട്ടില്ലാത്തവരുമായി താരതമ്യപ്പെടുത്തിയതാണ് പഠനം നടത്തിയത്. രോഗം ബാധിച്ചവരുടെ ആരോഗ്യസ്ഥിതി അണുബാധയ്ക്ക് രണ്ട് വർഷത്തിന് ശേഷവും മോശമാണെന്നും ലാൻസെറ്റ് പഠനം കണ്ടെത്തി. ചില രോഗികൾക്ക് പൂർണമായും സുഖം പ്രാപിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും പഠനം സൂചിപ്പിക്കുന്നു. മഹാമാരിയുടെ ആദ്യതരംഗത്തിൽ രോഗബാധിതരായ ചൈനയിലെ 1,192 പേരിലാണ് പഠനം നടത്തിയത്.
ശാരീരികവും മാനസികവുമായ ആരോഗ്യം കാലക്രമേണ മെച്ചപ്പെടുന്നുണ്ടെങ്കിലും ഒരിക്കൽ കോവിഡ് ബാധിച്ചവർ ഇപ്പോഴും സാധാരണ ജനങ്ങളേക്കാൾ മോശം ആരോഗ്യസ്ഥിതിയും ജീവിത നിലവാരവും പുലർത്തുന്നവരാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ''രോഗബാധിതരായി രണ്ട് വർഷത്തിന് ശേഷവും ക്ഷീണം, ശ്വാസതടസ്സം, ഉറങ്ങാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളിൽ കുറഞ്ഞത് ഒരു ലക്ഷണമെങ്കിലും രോഗികളിൽ കാണും'', ഗവേഷകർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കോവിഡിന്റെ ദീർഘകാല ലക്ഷണങ്ങളെക്കുറിച്ച് ഇനിയും പഠനങ്ങൾ നടക്കേണ്ടതുണ്ടെന്നും ഗവേഷകർ പറഞ്ഞു.
''കോവിഡ്-19 അതിജീവിച്ചവരുടെ തുടർച്ചയായ ഫോളോ-അപ്പ് രോഗത്തിന്റെ ദൈർഘ്യമേറിയ ഗതി മനസ്സിലാക്കാൻ അത്യന്താപേക്ഷിതമാണ്. അവരുടെ പുനരധിവാസം ഉറപ്പാക്കേണ്ടതുമാണ്. കോവിഡ് -19 ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും ഇനിയും പിന്തുണ നൽകേണ്ടതും ആവശ്യമാണ്. കൂടാതെ വാക്സിനുകളും മറ്റ് ചികിത്സകളും പുതിയ വകഭേദങ്ങളും ദീർഘകാല ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്'', ചൈനയിലെ ചൈന-ജപ്പാൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിലെ (China-Japan Friendship Hospital) പ്രൊഫസർ ബിൻ കാവോ (Professor Bin Cao) പറഞ്ഞു.
advertisement
ലാൻസെറ്റ് പഠനമനുസരിച്ച്, കോവിഡ് മുക്തരായി ആറ് മാസത്തിന് ശേഷമായ 68 ശതമാനം പേരിലും കോവിഡ് മുക്തരായി രണ്ട് വർഷം ആയ 55% ശതമാനം ആളുകളിലും കുറഞ്ഞത് ഒരു ലക്ഷണമെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തളർച്ചയോ പേശികളുടെ ബലക്കുറവോ ആണ് മിക്കവരിലും റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങളെന്നും സർവേയിൽ പങ്കെടുത്തവരിൽ 89 ശതമാനം പേരും രോഗത്തിന്റെ തീവ്രത പരിഗണിക്കാതെ തന്നെ രണ്ട് വർഷത്തിനുള്ളിൽ അവരുടെ ജോലിയിലേക്ക് മടങ്ങി എന്നും പഠനം പറയുന്നു. 31 ശതമാനം ആളുകളിലാണ് രോഗം ബാധിച്ച് രണ്ടു വർഷങ്ങൾക്കു ശേഷവും തളർച്ചയോ പേശികളുടെ ബലക്കുറവോ റിപ്പോർട്ട് ചെയ്യപ്പെട്ടത്, 31ശതമാനം പേരിൽ ഉറങ്ങാനുള്ള ബുദ്ധിമുട്ടുകളും ഉണ്ടെന്ന് കണ്ടെത്തി. 35 ശതമാനം പേർ വേദനയോ അസ്വസ്ഥതയോ ഉണ്ടെന്ന് പറഞ്ഞപ്പോൾ 19 ശതമാനം ആളുകളാണ് ഉത്കണ്ഠയോ വിഷാദമോ ഉണ്ടെന്ന് തുറന്നു പറഞ്ഞത്.
advertisement
കോവിഡ് രോഗികളിൽ സന്ധി വേദന, തലകറക്കം, തലവേദന എന്നിവയുൾപ്പെടെ നിരവധി ലക്ഷണങ്ങൾ ഉണ്ടാകുമെന്നും ഉത്കണ്ഠ അല്ലെങ്കിൽ വിഷാദം പോലുള്ള മാനസികാവസ്ഥകളും ഉണ്ടാകുമെന്നും പഠനം ചൂണ്ടിക്കാട്ടി.
Location :
First Published :
May 12, 2022 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid-19 | കോവിഡ് മുക്തരായി രണ്ട് വർഷത്തിനു ശേഷവും രോഗിയിൽ ഒരു ലക്ഷണമെങ്കിലും കാണപ്പെടുമെന്ന് പഠനം