ഈസ്റ്റർ രാത്രിയിൽ വീട്ടുകാർ പള്ളിയിൽ; രണ്ട് വീടുകളിൽ നിന്ന് 17.5 പവൻ സ്വർണ്ണവും 6.6 ലക്ഷം രൂപയും കവർന്നു
- Published by:Sarika N
- news18-malayalam
Last Updated:
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി
തിരുവനന്തപുരം: ഈസ്റ്റർ രാത്രിയിൽ വീട്ടുകാർ പള്ളിയിൽ പോയ തക്കം നോക്കി തലസ്ഥാനത്ത് രണ്ടിടങ്ങളിൽ കവർച്ച. കരുംകുളം പുല്ലുവിളയിൽ അയൽവാസികളായ രണ്ട് വീടുകളിലായി നടന്ന മോഷണത്തിൽ 17.5 പവൻ സ്വർണ്ണവും ആറേകാൽ ലക്ഷത്തിലധികം രൂപയും നഷ്ടപ്പെട്ടു. പുല്ലുവിള പഴയതുറ പുരയിടത്തിൽ മിനി, സമീപവാസി ബ്രിജിറ്റ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
ശനിയാഴ്ച രാത്രി 11 മണിയോടെ മിനിയും കുടുംബവും ഈസ്റ്റർ കുർബാനയ്ക്കായി പുല്ലുവിളയിലെ പള്ളിയിലേക്ക് പോയിരുന്നു. പുലർച്ചെ രണ്ട് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് കിടപ്പുമുറികളിലെയും അലമാരകൾ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മിനിയുടെ വീട്ടിൽ നിന്ന് മാത്രം മാലകൾ, വളകൾ, ബ്രേസ്‌ലെറ്റുകൾ, മോതിരങ്ങൾ എന്നിവയുൾപ്പെടെ 17.5 പവൻ സ്വർണ്ണവും 6,65,000 രൂപയും നഷ്ടമായിട്ടുണ്ട്.
അയൽവാസിയായ ബ്രിജിറ്റിന്റെ വീട്ടിൽ നിന്ന് രണ്ട് ഗ്രാം സ്വർണ്ണവും 500 രൂപയുമാണ് കവർന്നത്. രാത്രി 11.30-ന് പള്ളിയിൽ പോയ ഇവർ പുലർച്ചെ ഒരു മണിക്ക് തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിഞ്ഞത്. രണ്ട് വീടുകളിലും അടുക്കളവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്.
advertisement
സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കാഞ്ഞിരംകുളം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംശയാസ്പദമായ രീതിയിൽ കണ്ട വാഹനങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Apr 08, 2026 7:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഈസ്റ്റർ രാത്രിയിൽ വീട്ടുകാർ പള്ളിയിൽ; രണ്ട് വീടുകളിൽ നിന്ന് 17.5 പവൻ സ്വർണ്ണവും 6.6 ലക്ഷം രൂപയും കവർന്നു










