പിതാവുമായുള്ള തർക്കത്തിനിടെ ഓട്ടോ ഡ്രൈവർ നാലു വയസ്സുകാരനെ കാലിൽ തൂക്കിയെടുത്ത് തറയിൽ അടിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു
മഹാരാഷ്ട്ര: പിതാവുമായുള്ള തർക്കത്തിനിടെ നാലു വയസ്സുകാരനെ കാലിൽ തൂക്കിയെടുത്ത് തറയിൽ അടിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പ്രതി സന്ദീപ് പവാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാൽഘർ ജില്ലയിൽ വസായിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിൽ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പ്രതി കുട്ടിയെ കാലിൽ തൂക്കിയെടുത്ത് തറയിലടിക്കുകയും ഇരുമ്പ് കമ്പിയിൽ തലയിടിപ്പിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരനെ മീരാ റോഡിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
പ്രതിയായ സന്ദീപ് പവാറും കുട്ടിയുടെ പിതാവ് അതുൽ കൊണ്ടാരെയും തമ്മിൽ ചെറിയൊരു തർക്കം നിലനിന്നിരുന്നു. ഇതിന്റെ പക പോക്കുന്നതിനാണ് സന്ദീപ് കുട്ടിയെ ലക്ഷ്യം വെച്ചത്. സംഭവസമയം കുട്ടി മറ്റ് കുട്ടികൾക്കൊപ്പം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ കളിക്കുകയായിരുന്നു. അവിടെയെത്തിയ പ്രതി കുട്ടിയെ കാലുകളിൽ പിടിച്ച് പൊക്കിയെടുത്ത് അതിശക്തമായി തറയിലടിച്ചു.തുടർന്ന് കുട്ടിയെയും കൊണ്ട് കെട്ടിടത്തിനുള്ളിലേക്ക് ഓടിയ പ്രതി, അവിടെയുണ്ടായിരുന്ന ഇരുമ്പ് കമ്പിയിൽ കുട്ടിയുടെ തലയിടിപ്പിച്ചു. വീണ്ടും തറയിലേക്ക് എറിഞ്ഞ ശേഷമാണ് ഇയാൾ പിന്മാറിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
advertisement
സംഭവത്തിന് പിന്നാലെ സന്ദീപ് പവാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാരതീയ ന്യായ സംഹിത പ്രകാരം വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Location :
Maharashtra
First Published :
Apr 01, 2026 9:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പിതാവുമായുള്ള തർക്കത്തിനിടെ ഓട്ടോ ഡ്രൈവർ നാലു വയസ്സുകാരനെ കാലിൽ തൂക്കിയെടുത്ത് തറയിൽ അടിച്ചു










