കൊച്ചി: തൃക്കാക്കരയിൽ (Thrikkakkara) ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മുങ്ങിയ മാതൃസഹോദരിയുടെ പങ്കാളി ആൻറണി ടിജിനെ കൊച്ചിയിൽ എത്തിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. ആൻറണി കുഞ്ഞിനെ മർദ്ദിച്ചിരിക്കാമെന്ന് പിതാവ് പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് പൊലീസ് ഇയാളെ തിരഞ്ഞത്.
പ്രത്യേക അന്വേഷണ സംഘം മൈസൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിടികൂടുമ്പോൾ ഇയാൾക്കൊപ്പം ചികിത്സയിലുള്ള കുഞ്ഞിന്റെ മാതൃസഹോദരിയും മകനും ഉണ്ടായിരുന്നു. മൈസൂരിൽ നിന്ന് പിടികൂടിയ ശേഷം അവിടെവെച്ച് ചോദ്യം ചെയ്ത ശേഷമാണ് കൊച്ചിയിൽ ഇവരെ എത്തിച്ചത്. എന്നാൽ കേസിൽ ഇയാളെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് പോലീസ് അറിയിച്ചു. കൊച്ചി തൃക്കാക്കര പോലീസാണ് കേസ് അന്വേഷിക്കുന്നത്.
കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. കുഞ്ഞ് കണ്ണ് തുറക്കുകയും വായിലൂടെ ഭക്ഷണം കഴിക്കാൻ തുടങ്ങുകയും ചെയ്തു. കുട്ടിയുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. കുട്ടി അപകടനില തരണം ചെയ്തിട്ടുമുണ്ട്. നട്ടെല്ലിനും തലയ്ക്കും കയ്യിനും പരിക്ക് ഉള്ളതിനാൽ ന്യൂറോ വിഭാഗമാണ് കുട്ടിയെ ചികിത്സിക്കുന്നത്. അതേസമയം, ആശുപത്രിയിൽ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ് എടുക്കാൻ ഒരുങ്ങുകയാണ് കോലഞ്ചേരി പോലീസ്.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് എറണാകുളം തൃക്കാക്കര സ്വദേശിയായ രണ്ട് വയസ്സുകാരിയെ ഗുരുതര പരുക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച്ച വൈകുന്നേരമാണ് ശരീരാമാസകലം പരിക്കേറ്റ രണ്ടു വയസുകാരി പെൺകുട്ടിയെ അപസ്മാര ലക്ഷണളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആദ്യം എറണാകുളം കാക്കനാട്ടെ സ്വകാര്യശുപത്രിയിൽ എത്തിച്ച കുട്ടിയെ CT സ്കാനിങ് വിധേയമാക്കിയപ്പോൾ തലയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തിരുന്നു. ഇതിനെ തുടർന്നാണ് കോലഞ്ചേരിയിലേക്ക് കൊണ്ടു പോകുവാൻ കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന മാതാവിനോടും, മുത്തശ്ശിയോടും ഡോക്ടർമാർ നിർദ്ദേശിച്ചത്.
രാത്രി 11 മണിയോടെ കോലഞ്ചേരി മെഡിക്കൽ കോളജിൽ കൊണ്ടുവന്ന കുട്ടിയെ ആദ്യം ICUവിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ശരീരമാസകലം പരിക്കേറ്റ നിലയിലായിരുന്നു. ശരീരത്തിൽ പൊളളലേറ്റ് ഉണങ്ങിയ പാടുകളും ഉണ്ടായിരുന്നു. പഴയതും, പുതിയതുമായ പരിക്കുകൾ കുട്ടിയുടെ ശരീരത്തിൽ കണ്ട ഡോക്ടർമാർ മാതാവിനോട് വിവരങ്ങൾ തിരക്കിയെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയത്. മാതാവിൻ്റെ മറുപടിയിൽ സംശയം തോന്നിയ ഡോക്ടർമാർ തൃക്കാക്കര പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഡോക്ടർമാർ നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിയ തൃക്കാക്കര പോലീസ് മാതാവിൻ്റെ മൊഴിയെടുത്തിരുന്നു. എന്നാൽ കുട്ടിക്ക് വീണ് പരുക്കേറ്റാണ് മുറിവുകൾ ഉണ്ടായതെന്ന് മാതാവ് പൊലീസിന് മുൻപിൽ ആവർത്തിച്ചു. എന്നാൽ പൊലീസ് മാതാവിൻ്റെ മൊഴി വിശ്വാസത്തിൽ എടുത്തിരുന്നില്ല. തുടർന്നാണ് പോലീസ് കേസെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Child abuse