ആയിരം പവനും റേഞ്ച് റോവർ കാറും സ്ത്രീധനം വാങ്ങിയ മരുമകൻ 107 കോടി രൂപ തട്ടിയെടുത്തെന്ന് വ്യവസായിയുടെ പരാതി
- Published by:Anuraj GR
- news18-malayalam
Last Updated:
ഒരു മകൾ മാത്രമാണ് തനിക്കുള്ളതെന്നും, മകളെയും കുഞ്ഞിനെയും ഓർത്താണ് ചോദിക്കുമ്പോഴൊക്കെ മരുമകന് കാശ് നൽകിക്കൊണ്ടിരുന്നതെന്നും പരാതിക്കാരൻ പറഞ്ഞു
കൊച്ചി: മകളുടെ ഭർത്താവ് പല തവണയായി 107 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വ്യവസായി. വിദ്യാഭ്യാസരംഗത്തെ സംരഭകനായ അബ്ദുളാഹിർ ഹസനാണ് മരുമകൻ മുഹമ്മദ് ഹാഫിസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആലുവ പൊലീസിലാണ് പരാതി നൽകിയത്. ആയിരം പവൻ സ്വർണവും റേഞ്ച് റോവർ കാറും സ്ത്രീധനവുമായി വാങ്ങിയ മരുമകനാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. മുൻ ഡിഐജിയും വ്യവസായിയുമായ മുഹമ്മദ് ഹസന്‍റെ മകനാണ് പരാതിക്കാരനായ അബ്ദുളാഹിർ ഹസൻ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് അബ്ദുളാഹിർ ഹസൻ ആലുവ ഈസ്റ്റ് പൊലീസിൽ മരുമകനെതിരെ പരാതി നൽകിയത്. 2019 ഓഗസ്റ്റ് മുതൽ 2021 നവംബർ വരെ ബിസിനസ് ആവശ്യങ്ങളും മറ്റും പറഞ്ഞ് 104 കോടി രൂപയാണ് മരുമകൻ തട്ടിയെടുത്തതെന്ന് ഇദ്ദേഹം പരാതിയിൽ പറയുന്നു.
മരുമകന് പണം കൈമാറിയതിന്‍റെ ബാങ്ക് ഇടപാടുകളുടെ രേഖകൾ സഹിതം സമർപ്പിച്ചാണ് അബ്ദുളാഹിർ ഹസൻ പരാതി നൽകിയത്. മരുമകൻ ആദായനികുതിയുടെ വ്യാജനോട്ടീസ് ചമച്ചതായും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. മഹാരാഷ്ട്രാ മന്ത്രിയുമായി ബിസിനസ് നടത്താനെന്ന പേരിലും പണം വാങ്ങി. കൂടാതെ വിവിധ സ്ഥലങ്ങളിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കുമായും തന്‍റെ കൈയിൽനിന്ന് പണം വാങ്ങിയതായും അബ്ദുളാഹിർ ഹസൻ പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
advertisement
ഒരു മകൾ മാത്രമാണ് തനിക്കുള്ളതെന്നും, മകളെയും കുഞ്ഞിനെയും ഓർത്താണ് ചോദിക്കുമ്പോഴൊക്കെ കാശ് നൽകിക്കൊണ്ടിരുന്നതെന്നും അബ്ദുളാഹിർ ഹസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബംഗളുരു കേന്ദ്രീകരിച്ചുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായാണ് പണം വാങ്ങിയിരുന്നത്. കോവിഡ് കഴിയുമ്പോൾ മടക്കി നൽകാമെന്നും അറിയിച്ചു. എന്നാൽ ബംഗളുരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെയാണ് പരാതി നൽകാൻ തയ്യാറായതെന്നും അബ്ദുളാഹിർ ഹസൻ പറഞ്ഞു.
advertisement
ഭർത്താവ് തട്ടിപ്പുകാരനാണെന്ന് ബോധ്യമായതോടെ അബ്ദുളാഹിറിന്‍റെ മകൾ ഹാജിറ വിവാഹമോചനത്തിന് പരാതി നൽകി. വിവാഹസമയത്ത് നൽകിയ ആയിരം പവൻ സ്വർണവും ഒന്നേകാൽ കോടിയുടെ റേഞ്ച് റോവർ കാറും ഭർത്താവ് തട്ടിയെടുത്തതായും യുവതി വിവാഹമോചന പരാതിയിൽ ആരോപിച്ചിട്ടുണ്ട്
Location :
First Published :
November 23, 2022 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആയിരം പവനും റേഞ്ച് റോവർ കാറും സ്ത്രീധനം വാങ്ങിയ മരുമകൻ 107 കോടി രൂപ തട്ടിയെടുത്തെന്ന് വ്യവസായിയുടെ പരാതി