മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി
- Published by:Rajesh V
- news18-malayalam
Last Updated:
വ്യക്തത തേടി പൊലീസ് അമ്മ സന്ധ്യയെ വിശദമായി ചോദ്യം ചെയ്യുകയാണ്
എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരി കല്യാണിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ സന്ധ്യക്കെതിരെ ചെങ്ങമനാട് പൊലീസ് കൊലക്കുറ്റം ചുമത്തി. എന്നാൽ കുട്ടിയെ അമ്മ സന്ധ്യ എന്തിന് കൊലപ്പെടുത്തി എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളില്‍ അടക്കം വ്യക്തത തേടി പൊലീസ് അമ്മ സന്ധ്യയെ വിശദമായി ചോദ്യം ചെയ്യുകയാണ്. സന്ധ്യയുടെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തും.
സന്ധ്യ കുട്ടിയെ മുന്‍പും അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം. മൂന്ന് വയസുകാരിയെ അമ്മ സന്ധ്യ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. ആലുവയില്‍ നിന്ന് കുട്ടിയെ കാണാതായി എന്നായിരുന്നു അമ്മ ആദ്യം പൊലീസിന് നല്‍കിയ മൊഴി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി സന്ധ്യ ആലുവയില്‍ ബസ് ഇറങ്ങിയെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് വ്യക്തമാക്കി.
advertisement
മൂഴിക്കുളം പാലത്തിന് താഴെ പൊലീസും സ്‌കൂബ ടീമും അടക്കം നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Location :
Ernakulam,Kerala
First Published :
May 20, 2025 9:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി