എൽദോയേ കൈയോടെ പിടിച്ചു! പാസ്പോർട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി ചോദിച്ച സിവില്‍ പൊലീസ് ഓഫിസര്‍ അറസ്റ്റിൽ
- Published by:ASHLI
- news18-malayalam
Last Updated:
വിജിലൻസ് ഒരുക്കിയ 'ഓപ്പറേഷൻ സ്പോട് ട്രാപ്' എന്ന ഓപ്പറേ്ഷനിലാണ് എൽദോയെ പിടികൂടിയത്
വരാപ്പുഴയിൽ പാസ്പോർട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങിയ സിവിൽ പോലീസ് ഓഫിസർ വിജിലൻസിന്റെ പിടിയിൽ. പാസ്പോർട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി ചോദിച്ചതിനാണ് സിവില്‍ പൊലീസ് ഓഫിസറായ സിപിഒ എൽദോ പോൾ കുടുങ്ങിയത്. വരാപ്പുഴ പോലീസ് സ്റ്റേഷനിലെ സിപിഒ ആണ് എൽദോ പോൾ. വിജിലൻസ് ഒരുക്കിയ 'ഓപ്പറേഷൻ സ്പോട് ട്രാപ്' എന്ന ഓപ്പറേ്ഷനിലാണ് എൽദോയെ പിടികൂടിയത്.
കഴിഞ്ഞ ആഴ്ച പാസ്പോർട്ടിന് അപേക്ഷിച്ച കൊങ്ങോർപ്പിള്ളി സ്വദേശിയായ യുവാവിനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം യുവാവിന്റെ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ വന്നിരുന്നു. തിരികെ വിളിച്ചപ്പോൾ വരാപ്പുഴ സ്റ്റേഷനിലെ സിപിഒ ആണെന്നും പാസ്പോർട്ട് വെരിഫിക്കേഷനായി നേരിട്ട് കാണണമെന്നും ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ വീണ്ടും വിളിച്ച സിപിഒ വരാപ്പുഴയിൽ വച്ച് കാണാമെന്നും വെരിഫിക്കേഷന് 500 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.
തുടർന്ന് യുവാവ് വിജിലൻസ് മധ്യമേഖല സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു. എറണാകുളം വിജിലൻസ് യൂണിറ്റ് ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ സ്പോട് ട്രാപ്' എന്ന പേരിൽ വിജിലൻസ് സംഘം കെണിയൊരുക്കി. വൈകിട്ട് 4.30ന് ചെട്ടിഭാഗം മാർക്കറ്റിനു സമീപം വച്ച് യുവാവിൽ നിന്ന് പണം വാങ്ങുന്നതിനിടെ എൽദോ പോളിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടി. ഇയാളെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. അഴിമതി സംബന്ധിച്ച വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 1064, വാട്സാപ് നമ്പർ 94477 89100 എന്നിവയിൽ അറിയിക്കണമെന്ന് വിജിലൻസ് അറിയിച്ചു.
Location :
Kochi [Cochin],Ernakulam,Kerala
First Published :
March 15, 2025 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
എൽദോയേ കൈയോടെ പിടിച്ചു! പാസ്പോർട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി ചോദിച്ച സിവില്‍ പൊലീസ് ഓഫിസര്‍ അറസ്റ്റിൽ