ബംഗളുരു:  മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റ‍ഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡിലായ ബിനീഷിനെ, കേസിലെ മറ്റു പ്രതികളെ പാർപ്പിച്ചിരിക്കുന്ന പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. ബിനീഷ് നൽകിയ ജാമ്യാപേക്ഷ ഈ മാസം 18-ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ  മറുപടി നൽകാൻ ഇ ഡി ഒരാഴ്ച സമയം ചോദിച്ചതിനെ തുടർന്നാണ് കോടതി നടപടി.

കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ ഇൻ ക്യാമറ പ്രൊസീഡിംഗ്സ് അനുവദിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അത് കോടതി തള്ളി. മാധ്യമ റിപ്പോർട്ടുകളെ കുറിച്ചും  അഭിഭാഷകൻ പരാതി ഉന്നയിച്ചു. മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത് സാധാരണമാണെന്നും അത് ഒഴിവാക്കാനാകില്ലെന്നുമായിരുന്നു കോടതിയുടെ മറുപടി.

Also Read ബിനീഷിന്റെ 2006 മുതലുള്ള ഇടപാടുകൾ അന്വേഷിക്കും; റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് തങ്ങുന്നു

ബിനീഷ് കോടിയേരിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. ബിനീഷ്  പണവും സ്വാധീനവുമുള്ള വ്യക്തിയാണെന്നും  ജാമ്യം നൽകരുതെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും എൻഫേഴ്സ്മെന്റ്  കോടതിയെ അറിയിച്ചു.