ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് കണ്ടെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍. കസ്റ്റഡി കാലാവധി നീട്ടിവാങ്ങുന്നതിനായി ഇഡ.ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദമുണ്ടായിരുന്നു. ഇഡി തന്നെ കാര്‍ഡ് വീട്ടില്‍ കൊണ്ടുവന്നതാണെന്ന് സംശയം പ്രകടിപ്പിച്ച ബിനീഷിന്റെ ഭാര്യ റെയ്ഡില്‍ കാര്‍ഡ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട മഹസറില്‍ ഒപ്പുവെക്കാന്‍ തയാറായിരുന്നില്ല.
പ്രവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിന് ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് ഇഡി അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അതേസമയം ബിനീഷിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ഇഡി അധികൃതർ ചികിത്സ നിഷേധിച്ചുവെന്ന് ബിനീഷിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.
ഇതിനിടെ, ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് എന്‍സിബി കോടതിയിൽ അപേക്ഷ നൽകി. ഹർജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എൻസിബി അപേക്ഷ നൽകിയിരിക്കുന്നത്.
ബിനീഷിനെ ബെംഗളൂരു സിറ്റി സെഷൻസ് കോടതിയിലാണ് ഹാജരാക്കിയത്. ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതിയുടെ മുന്നിലുണ്ട്. തുടർച്ചയായ 10 ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷമാണ് ബിനീഷിനെ കോടതിയിൽ ഹാജരാക്കിയത്. അനൂപ് മുഹമ്മദിന്റെ ഹയാത്ത് ഹോട്ടൽ ബിസിനസ് സംബന്ധിച്ച കേസിൽ ഇന്ന് ജ്യാമാപേക്ഷ നൽകേണ്ടതില്ല എന്നാണ് ബിനീഷിന്റെ അഭിഭാഷകർ എടുത്തിരിക്കുന്ന തീരുമാനം. ഇഡിയുടെ നീക്കങ്ങൾ അറിഞ്ഞശേഷം ഹൈക്കോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനം മതി എന്നാണ് നിലപാട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.