മലപ്പുറം: മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തുന്നതും വസ്ത്രങ്ങളിൽ പ്രത്യേക അറയുണ്ടാക്കി സ്വർണം ഒളിപ്പിക്കുന്നതും എല്ലാം കസ്റ്റംസും പൊലീസും പിടികൂടിയതോടെ സ്വർണം കടത്താൻ പുതിയ വഴികൾ തേടുകയാണ് കള്ളക്കടത്ത് സംഘം. വിക്സ് ബോട്ടിലിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇന്ന് പിടികൂടിയത്.
കുവൈറ്റിൽ നിന്നെത്തിയ കരിപ്പൂർ സ്വദേശി നയാൻ കാസിം ആണ് പിടിയിലായത്. 226 ഗ്രാം (28.25 പവൻ) സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. വിക്സ് ബോട്ടിലിനുളളിൽ സ്വർണകമ്പികളാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
അതോടൊപ്പം തന്നെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യാത്രക്കാരനും കസ്റ്റംസിന്റെ പരിശോധനയിൽ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദ് ഹാരിസ് ആണ് മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 1014 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണം നാല് ക്യാപ്സൂളുകളിലായാണ് ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചത്.
Also Read- മലദ്വാരത്തിൽ ഒളിപ്പിച്ച് 34 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം;കണ്ണൂർ വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ
കഴിഞ്ഞ ഞായറാഴ്ച ടാപ്പിൻ്റെ ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 814 ഗ്രാം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. 42.60 ലക്ഷം രൂപ വില മതിക്കുന്ന 814 ഗ്രാം സ്വർണം ആണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഡിസംബർ 10 ന് വൈകിട്ട് ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ എത്തിയ കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഇഷാഖ് കൊണ്ടുവന്ന ബാഗേജിൽ ഉണ്ടായിരുന്ന ബേസിൻ മിക്സർ ടാപ് സംശയത്തേതുടർന്നു കസ്റ്റംസ് പിടിച്ചുവച്ചു. തുടർന്ന് വിദഗ്ധരുടെ സഹായത്തോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ മിക്സർ ടാപ് തുറന്നു പരിശോധിച്ചപ്പോൾ 814 ഗ്രാം തൂക്കമുള്ള മൂന്നു സ്വർണ റോഡുകൾ ആണ് കണ്ടെത്തിയത്. കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്ത പ്രതിഫലമായ 30000 രൂപക്ക് വേണ്ടിയാണ് ഇങ്ങനെ സ്വർണം കടത്താൻ ശ്രമിച്ചത് എന്ന് ഇഷാഖ് വെളിപ്പെടുത്തി.ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടന്നുവരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.