Gold Smuggling Case | സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിന് ക്ലീൻ ചിറ്റില്ല; വീണ്ടും ഹാജരാകാൻ കസ്റ്റംസ് നോട്ടീസ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഒക്ടോബർ 14ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
കൊച്ചി: സ്വർണക്കടത്ത് കേസിൽ കൊടുവള്ളിയിലെ ഇടത് കൗൺസിലർ കാരാട്ട് ഫൈസലിന് ക്ലീൻ ചിറ്റില്ല. ഫൈസലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഒക്ടോബർ 14ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഫൈസലിനെ 36 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്ന് വിട്ടയച്ചിരുന്നു.
കാരാട്ട് ഫൈസലിന്‍റെ മൊഴിയും ഫൈസലിനെതിരായ മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന വിവരം. മൊഴികള്‍ വിശദമായി പരിശോധിക്കുമെന്നും ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി വിലയിരുത്തുമെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 14ന് ഹാജരാകണമെന്ന് നിർദ്ദേശിച്ചാണ് ഫൈസലിനെ ഇന്ന് കസ്റ്റംസ് വിട്ടയച്ചത്.
കരാട്ട് ഫൈസലിനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസ് ഉൾപ്പെടെയുള്ള പ്രതികൾ മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഫൈസലിൻ്റെ മൊഴി പരിശോധിക്കാൻ എൻ.ഐ.എ. സംഘം കസ്റ്റംസ് ഓഫിസിലെത്തിയിരുന്നു. 2013 ൽ കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസൽ പ്രതിയായിരുന്നു.
advertisement
ഇന്നലെ പുലർച്ചെ നാല് മണിക്ക് കൊടുവള്ളിയിലെ വീട്ടിൽ നിന്നാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.
അതേസമയം സ്വര്‍ണ്ണം കടത്തിയതിൽ കാരാട്ട് ഫൈസലിന് പങ്കില്ലെന്ന് അഭിഭാഷകൻ അബ്ദുൽ നിസ്താർ പറഞ്ഞു. ഫൈസലിനെതിരെയുള്ളത് ആരോപണങ്ങൾ മാത്രമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിന്‍റെ പങ്ക് സംബന്ധിച്ച് നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയും കസ്റ്റംസിന് ലഭിച്ചിരുന്നു. ഫൈസൽ പലതവണ സന്ദീപിനെ കാണാൻ തിരുവനന്തപുരത്ത് വന്നെന്നും ചർച്ചകൾ സ്വർണക്കടത്തിനെ കുറിച്ചായിരുന്നെന്നുമാണ് മൊഴി.
Location :
First Published :
October 02, 2020 7:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിന് ക്ലീൻ ചിറ്റില്ല; വീണ്ടും ഹാജരാകാൻ കസ്റ്റംസ് നോട്ടീസ്