ലഹരിസംഘങ്ങളെ കുറിച്ച് പൊലീസിന് വിവരം നൽകിയ വയോധികനെ അക്രമിസംഘം വെട്ടിക്കൊന്നു
- Published by:Rajesh V
- news18-malayalam
Last Updated:
പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് ആറംഗസംഘം വയോധികനെ ആക്രമിച്ചത്. കടൽത്തീരത്ത് കൂടി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ പതിയിരുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
തിരുവനന്തപുരം വർക്കലയിൽ ലഹരിസംഘങ്ങളെക്കുറിച്ച് പൊലീസിന് വിവരം നൽകിയതിന്റെ പകയിൽ വയോധികനെ വെട്ടിക്കൊന്നു. താഴെവെട്ടൂർ സ്വദേശി ഷാജഹാൻ (60) ആണ് കൊല്ലപ്പെട്ടത്. അക്രമി സംഘത്തിലെ ഒരാൾ പിടിയിലായി.
തീരദേശ മേഖലയിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർധിച്ചു വരുന്നതായി ഷാജഹാനും ബന്ധുവായ മത്സ്യത്തൊഴിലാളിയും ചേർന്ന് വർക്കല പൊലീസിനെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തിയ പൊലീസ് ലഹരി വസ്തുക്കൾ കണ്ടെത്തുകയും ചെയ്തു. പരാതി നൽകിയതിലെ വൈരാഗ്യം കാരണം ലഹരി മാഫിയ സംഘം കഴിഞ്ഞദിവസം ഷാജഹാന്റെ ബന്ധുവായ മത്സ്യ തൊഴിലാളിയെ മർദിച്ചിരുന്നു. ഇത് സംബന്ധിച്ചും വർക്കല പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് ആറംഗസംഘം വയോധികനെ ആക്രമിച്ചത്. ഷാജഹാൻ കടൽത്തീരത്ത് കൂടി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ പതിയിരുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
advertisement
തലയ്ക്ക് ആഴത്തിൽ മുറിവേറ്റ് അബോധാവസ്ഥയിലായിരുന്ന വയോധികനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് വെട്ടൂർ ആശാമുക്ക് സ്വദേശിയായ ജാസിം, താഴെവെട്ടൂർ സ്വദേശികളായ ഹായിസ്, നൂഹു, സെയ്ദലി, ആഷിർ എന്നിവരെ പ്രതികളാക്കി വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അഞ്ചാം പ്രതിയായ ആഷിർ പൊലീസ് കസ്റ്റഡിയിലാണ്. മറ്റു പ്രതികളെക്കായി വർക്കല പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി.
Location :
Varkala,Thiruvananthapuram,Kerala
First Published :
December 25, 2024 2:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലഹരിസംഘങ്ങളെ കുറിച്ച് പൊലീസിന് വിവരം നൽകിയ വയോധികനെ അക്രമിസംഘം വെട്ടിക്കൊന്നു