'സംവിധായിക നയന സൂര്യന്റേത് കൊലപാതകം; മുറിയിൽ മറ്റൊരാളുടെ സാന്നിധ്യം'; ക്രൈംബ്രാഞ്ചിനോട് ഫോറൻസിക് സർജന്റെ വെളിപ്പെടുത്തൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഫോറൻസിക് സർജൻ ഡോ. ശശികലയെ ശനിയാഴ്ചയാണ് കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയത്
തിരുവനന്തപുരം: യുവസംവിധായിക നയനാ സൂര്യന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകം തന്നെയാകാമെന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് മുന്നിൽ ഫോറൻസിക് സർജന്റെ വെളിപ്പെടുത്തൽ. നയനയുടെ ശരീരത്തിലെ മുറിവുകൾ സ്വയമുണ്ടാക്കാൻ കഴിയാത്തതാണെന്നും ഇത് കൊലപാതകത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്നും റിട്ട. ഫോറൻസിക് സർജൻ ഡോ. ശശികല ക്രൈംബ്രാഞ്ച് സംഘത്തോടു പറഞ്ഞു.
നയനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുകയും മരണസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകുകയും ചെയ്ത ഡോ. ശശികലയെ ശനിയാഴ്ചയാണ് കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയത്. നയനയുടേത് കൊലപാതകംതന്നെയെന്ന് ഉറപ്പിക്കാവുന്ന വിവരങ്ങളാണ് ഡോ. ശശികല ക്രൈംബ്രാഞ്ച് സംഘത്തിന് നൽകിയത് എന്നാണ് സൂചനയെന്ന് മാതൃഭൂമി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
Also Read- ‘പെൺകുട്ടികളെ മയക്കുമരുന്ന് കൊടുത്ത് സെക്സ് കെണിയിൽ വീഴ്ത്തുന്നു’ കേരളാ പൊലീസ് സർവേ റിപ്പോർട്ട്
കേസ് അന്വേഷിച്ച പൊലീസ്, തന്റേതെന്നപേരിൽ രേഖപ്പെടുത്തിയ മൊഴി താൻ പറഞ്ഞ കാര്യങ്ങളല്ലെന്നും അവർ പറഞ്ഞു. മരണദിവസം നയന താമസിച്ചിരുന്ന സ്ഥലത്ത് മറ്റൊരാളുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയും തിരിച്ചറിഞ്ഞിരുന്നു. കൊലപാതക സൂചന ഉണ്ടായിരുന്നതിനാലാണ് താൻ മരണം നടന്ന സ്ഥലം സന്ദർശിച്ചത്. കഴുത്തിലേതടക്കം പല മുറിവുകളും ഒരാൾക്കു സ്വയമേൽപ്പിക്കാൻ കഴിയുന്നതായിരുന്നില്ല. സ്വയം പീഡിപ്പിക്കുന്ന ‘അസ്ഫിക്‌സിയോഫീലിയ’ എന്ന അവസ്ഥ അതിവിദൂര സാധ്യത മാത്രമായാണ് അന്ന് താൻ പരാമർശിച്ചിരുന്നതെന്നും അവർ പറഞ്ഞു.
advertisement
നയനയുടെ ശരീരത്തിലെ മുറിവുകളുടെ വിശദാംശങ്ങളും കൊലപാതക സാധ്യതയും ഉൾപ്പെടെ താൻ പറഞ്ഞ കാര്യങ്ങൾ ഒഴിവാക്കിയാണ് പൊലീസ് മൊഴി തയാറാക്കിയതെന്ന് ഡോ. ശശികല അടുത്തിടെ മാധ്യമങ്ങളിലൂടെയും വെളിപ്പെടുത്തിയിരുന്നു. അകത്തുനിന്നു കുറ്റിയിട്ടിരുന്ന വാതിൽ ചവിട്ടിത്തുറന്നാണ് അകത്തുകടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ അന്ന് പറഞ്ഞത്. മുറിയിൽ നയന കിടന്നിരുന്നതായി പറയുന്ന സ്ഥലത്ത് ഒരു പുതപ്പ് ചെറുതായി ചുരുട്ടിയ നിലയിൽ കണ്ടിരുന്നു. കഴുത്തിൽ ചുറ്റിയതുപോലുള്ള ചുളിവും ഉണ്ടായിരുന്നു- ഡോക്ടർ പറഞ്ഞു.
Also Read- പണം വെച്ച് ചീട്ടുകളിച്ച ഒരാൾ മരിച്ചു; അന്വേഷണത്തിൽ തൊടുപുഴയിലും മൂവാറ്റുപുഴയിലുമായി 19പേർ അറസ്റ്റിൽ
advertisement
അടിവയറ്റിലേറ്റ ക്ഷതത്തിൽ ആന്തരികാവയവങ്ങൾക്ക് രക്തസ്രാവമുണ്ടായതടക്കം ശരീരത്തിലെ എട്ടു മുറിവുകളും കഴുത്തിലെ നിറവ്യത്യാസവുമൊക്കെ മൊഴിയായി പറഞ്ഞിരുന്നു. കഴുത്ത് ശക്തമായി ഞെരിഞ്ഞായിരുന്നു മരണം. പക്ഷേ, അതൊന്നും പുറത്തുവന്ന മൊഴിയിലില്ല. അന്വേഷണ ഉദ്യോഗസ്ഥൻ താൻ പറയുന്നതു കേട്ട് എഴുതിയെടുത്ത മൊഴിയേയല്ല തന്റേതെന്ന പേരിൽ ഉള്ളതെന്നും ഡോ. ശശികല പറഞ്ഞു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 13, 2023 11:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'സംവിധായിക നയന സൂര്യന്റേത് കൊലപാതകം; മുറിയിൽ മറ്റൊരാളുടെ സാന്നിധ്യം'; ക്രൈംബ്രാഞ്ചിനോട് ഫോറൻസിക് സർജന്റെ വെളിപ്പെടുത്തൽ