തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ കത്തിച്ച കേസിൽ ആരോപണ വിധേയനായ കുണ്ടമൻകടവ് സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ പ്രകാശൻ ജീവനൊടുക്കിയ കേസിൽ നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. കുണ്ടമൻകടവ് സ്വദേശികളായ കൃഷ്ണകുമാർ, ശ്രീകുമാർ, സതി കുമാർ, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
പരസ്‌ത്രീ ബന്ധം ആരോപിച്ച് ഇവർ മർദിച്ചതിനെ തുടർന്നാണ് പ്രകാശ് തൂങ്ങി മരിച്ചതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. കേസിൽ അറസ്റ്റിലായ പ്രതികളെ ആശ്രമം കത്തിച്ച കേസിലും ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് പ്രകാശ് ആണെന്ന് സഹോദരൻ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് പ്രശാന്ത് പിന്നീട് കോടതിയിൽ മൊഴി മാറ്റിയിരുന്നു.
പ്രകാശ് ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുമ്പ് സഹോദരൻ വെളിപ്പെടുത്തിയ കാര്യം എന്ന നിലക്കായിരുന്നു പ്രശാന്തിന്‍റെ വെളിപ്പെടുത്തൽ. മരിച്ചുപോയ ആളെ പ്രതിയാക്കി എന്ന നിലയിൽ ബിജെപി സർക്കാറിനെതിരെ രംഗത്ത് വന്നിരുന്നു.
2018 ഒക്ടോബർ 27 ന് ആണ് തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ചത്. ആശ്രമത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.