മലപ്പുറം: കരിപ്പൂരിൽ കസ്റ്റംസിന്റെ നേതൃത്വത്തിൽ കോടികളുടെ സ്വർണ വേട്ട. കരിപ്പൂർ വിമാനത്താവളം വഴി കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.40 കോടി രൂപ വില മതിക്കുന്ന 2.5 കിലോഗ്രാമോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദോഹയിൽനിന്നും വന്ന മലപ്പുറം വെറ്റിലപ്പാറ സ്വദേശിയായ നെല്ലിപ്പകുണ്ടൻ മുനീർ (38), കൂരാച്ചുണ്ട് സ്വദേശിയായ ഷാപ്പുള്ളപറമ്പിൽ മുഹമ്മദ് യൂനസിൽ (32 ), പാലക്കാട് സ്വദേശിയായ തയ്യിൽ സന്ദീപ് (27)എന്നിവരാണ് പിടിയിലായത്.
നെല്ലിപ്പകുണ്ടൻ മുനീറിൽ നിന്നും 1064 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ 4 ക്യാപ്സ്യൂളുകൾ പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് മുനീർ സ്വർണം കടത്താൻ ശ്രമിച്ചത്. ജിദ്ദയിൽ നിന്നും വന്ന കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ഷാപ്പുള്ളപറമ്പിൽ മുഹമ്മദ് യൂനസിൽ നിന്നും 1,123 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ 4 ക്യാപ്സ്യൂളുകളാണ് പിടിച്ചെടുത്തത്.
ഇയാളും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഈ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യൂനസിന്റെയും മുനീറിന്റെയും അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുന്നതാണ്. യൂനസ് ഉംറ നിർവഹിച്ചു മടങ്ങി വരുമ്പോൾ ആണ് മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തിയത്.
Also Read- അതിഥിതൊഴിലാളികള്‍ തമ്മിലെ സംഘര്‍ഷത്തിൽ തൃശൂരില്‍ 6 വയസുകാരന്‍ വെട്ടേറ്റ് മരിച്ചു
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന പാലക്കാട് സ്വദേശിയായ തയ്യിൽ സന്ദീപ് കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ച് ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. ബാഗേജിന്റെ ഉള്ളിലുണ്ടായിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ കാർഡ്ബോർഡ് പെട്ടികൾ കസ്റ്റംസ്‍ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോൾ ഈ പെട്ടികളിൽ അതിവിദഗദ്ധമായി സ്വർണ്ണമിശ്രിതം തേച്ചുപിടിപ്പിച്ചിട്ടുണ്ടെന്നു മനസ്സിലായി. അതിന്റെ അടിസ്ഥാനത്തിൽ 1201 ഗ്രാം തൂക്കമുള്ള ഈ കാർഡ്ബോർഡ് കഷണങ്ങൾ പിടിച്ചെടുത്തു. അവയിൽ നിന്നും അതിലടങ്ങിയ സ്വർണം ഒരു സ്വർണപണിക്കാരന്റെ സഹായത്തോടെ പിന്നീട് വേർതിരിച്ചെടുക്കുന്നതാണ്.
ഈ മൂന്നു കേസുകളുമായി ബന്ധപ്പെട്ട് എയർ കസ്റ്റംംസ് അന്വേഷണം നടത്തി വരികയാണ്. കള്ളക്കടത്തുസംഘം മുനീറിന് ഒരു ലക്ഷം രൂപയും സന്ദീപിന് 20000 രൂപയും ആണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. യൂനസിന് അദ്ദേഹത്തിന്റെ രണ്ടാഴ്ചത്തെ ഉംറ പാക്കേജിന്റെ ചെലവായ ഏകദേശം ഒരു ലക്ഷം രൂപയാണ് നൽകിയിരുന്നത്.
അതേസമയം, കള്ളക്കടത്ത് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിലിറങ്ങുന്ന മൂന്ന് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി മൂന്ന് കിലോയിലധികം കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ എത്തിയ ആറു പേരെയാണ് എയര്‍പോര്‍ട്ട് പരിസരത്ത് വെച്ച് പോലീസ് പിടികൂടിയത്. സ്വര്‍ണ്ണവുമായി വരുന്ന മറ്റ് രണ്ട് യാത്രക്കാരുടെ വിവരങ്ങള്‍ കവര്‍ച്ചാ സംഘത്തിന് കൈമാറിയ മൂന്നാമത്തെ കാരിയറും ഫ്ലൈറ്റ് പാസഞ്ചറുമായ മറ്റൊരാളെ പിന്നീട് മഞ്ചേരിയില്‍ വെച്ചും അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 നാണു ഏലംകുളം സ്വദേശികളായ കല്ലുവെട്ടിക്കുഴിയില്‍ മുഹമ്മദ് സുഹൈല്‍ (24), ചേലക്കാട്ടുതൊടി അന്‍വര്‍ അലി (37), ചേലക്കാട്ടുതൊടി മുഹമ്മദ് ജാബിര്‍ (23), പെരിങ്ങാട്ട് അമല്‍ കുമാര്‍ (27) എന്നിവരും പാലക്കാട് ഒറ്റപ്പാലം സ്വദേശി മടായി മുഹമ്മദലി (30), മണ്ണൊര്‍ക്കാട് ചെന്തല്ലൂര്‍ സ്വദേശി ആനക്കുഴി ബാബുരാജ് (30) എന്നിവര്‍ കവര്‍ച്ചക്കൊരുങ്ങി കാലിക്കറ്റ് എയര്‍പോര്‍ട്ടിലെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.