'നാട്ടുകാർ ചിരിക്കുകയാണ്, ആഡംബര ജീവിതം നയിക്കാനാണ് അവൾക്കിഷ്ടം'; ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർത്താവിന്റെ ഫേസ്ബുക്ക് ലൈവ്
- Published by:Rajesh V
- news18-malayalam
Last Updated:
ഡിഎംകെയുടെ വനിതാ വിങ്ങ് കൊല്ലം ജില്ലാ സെക്രട്ടറിയാണ് കൊല്ലപ്പെട്ട ശാലിനി
കൊല്ലം: പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനി (37) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. കൃത്യത്തിനുശേഷം കൊലപാതകവിവരം പ്രതി ഐസക്ക് ഫേസ്ബുക്ക് ലൈവിൽ പങ്കുവെയ്ക്കുകയായിരുന്നു. ശാലിനിയുടെ വീട്ടില്‍ എത്തിയ ഐസക്ക്, കഴുത്തില്‍ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ശാലിനിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ശാലിനിയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഡിഎംകെയുടെ വനിതാ വിങ്ങ് കൊല്ലം ജില്ലാ സെക്രട്ടറിയാണ് കൊല്ലപ്പെട്ട ശാലിനി.
അയല്‍വാസികള്‍ ഓടിക്കൂടിയപ്പോൾ ഐസക് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ആഡംബര ജീവിതം നയിക്കുന്നുവെന്നും താനറിയാത്ത ബന്ധങ്ങൾ ശാലിനിക്കുണ്ടെന്നുമാണ് കൊലപാതകത്തിന് കാരണമായി ഇയാൾ ലൈവിൽ പറയുന്നത്. രണ്ടര മിനിറ്റോളം നീണ്ട ലൈവ് പുറത്തുവിട്ടശേഷം രാവിലെ ഒന്‍പതു മണിയോടെ കൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ഐസക് കീഴടങ്ങി.
കുടുംബ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും കുറെക്കാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ശാലിനി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. അവിടെനിന്ന് ജോലിക്ക് പോയിരുന്നു. ശാലിനി ജോലിക്ക് പോകുന്നതില്‍ ഐസക്കിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, ജോലി ഒഴിവാക്കാന്‍ ശാലിനി തയ്യാറായില്ല. ഇതടക്കമുള്ള കാര്യങ്ങളില്‍ ഇരുവരും തമ്മില്‍ ആസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു.
advertisement
രണ്ട് ആണ്‍മക്കളാണ് ദമ്പതിമാർക്കുള്ളത്. ഒരു കുട്ടി അര്‍ബുദ രോഗിയാണ്. ഈ മകന്റെ കാര്യങ്ങളൊന്നും ശാലിനി ശ്രദ്ധിക്കുന്നില്ലെന്നും ഐസക് വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ഭാര്യ നിര്‍മിച്ച വീട്ടില്‍നിന്ന് ഇയാളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞതും പ്രകോപനത്തിന് കാരണമായതായാണ് സൂചന.
' ഉള്ളതുകൊണ്ട് സന്തോഷമായി കഴിയാമെന്ന് പലപ്രാവശ്യം പറഞ്ഞതാണ്'
രണ്ട് മിനിറ്റോളം നീണ്ട ഫേസ്ബുക്ക് ലൈവാണ് പുനലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഐസക് പങ്കുവെച്ചത്. 'വളരെ വിഷമകരമായ കാര്യമാണ് ഞാൻ പറയുന്നത്, എന്റെ ഭാര്യയെ കൊന്നുകളഞ്ഞു' എന്നാണ് താൻ ചെയ്ത ക്രൂരതയേക്കുറിച്ച് വീഡിയോയിൽ ഐസക് വിവരിക്കുന്നത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവന്ന വീഡിയോയിൽനിന്ന് വ്യക്തമാകുന്നത്. മൂത്തമകൻ കാൻസർ രോഗിയാണെന്നും കുട്ടികളുടെ കാര്യത്തിൽ ഭാര്യയ്ക്ക് ശ്രദ്ധയില്ലെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുന്നതിൽ തനിക്ക് എതിർപ്പുണ്ടെന്നും എന്നാൽ, അതുമായി ഭാര്യ മുന്നോട്ടുപോയെന്നും വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ആഡംബര ജീവിതവും താനറിയാതെ ബന്ധങ്ങളും ഭാര്യയ്ക്കുണ്ടെന്നും ഇയാൾ ആരോപിക്കുന്നു. വീട് നിർമ്മിച്ചത് താനാണെന്നും ആ വീട്ടിൽനിന്ന് താൻ ഇറങ്ങിപ്പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടുവെന്നും ഇയാൾ ഫെയ്സ്ബുക്ക് ലൈവിൽ പറയുന്നുണ്ട്.
advertisement
'ഞാനറിയാതെ വീട്ടിൽനിന്ന് സ്വർണമെടുത്ത് പണയംവെച്ചു. പറഞ്ഞാൽ കേൾക്കാറില്ല, ഇഷ്ടമുള്ള രീതിയിൽ വന്നുപോകുന്നു. മൂത്തകുട്ടിക്ക് കാൻസറാണ്. അതിലൊന്നും അവൾക്ക് വിഷമം ഇല്ല. ആഡംബര ജീവിതം നയിക്കാനാണ് അവൾക്കിഷ്ടം. ഉണ്ടാക്കിയ മുതലെല്ലാം നശിപ്പിച്ചു. അമ്മയുടെ വീട്ടിലാണ് ഇപ്പോൾ അവൾ താമസിക്കുന്നത്. അതിലൊന്നും പ്രശ്നമില്ല. എന്നെ അനാവശ്യം പറയുകയും അനാവശ്യമായി പോവുകയും ചെയ്തതിന്റെ പേരിലാണ് ഇങ്ങനെ ചെയ്തത്. നാട്ടുകാരോട് അന്വേഷിച്ചാൽ കാര്യമറിയാം'- വീഡിയോയിൽ പ്രതി പറയുന്നു.
'ഞാൻ വണ്ടി പഠിപ്പിച്ചു, വാങ്ങിക്കൊടുത്തു. അനാവശ്യമായി പോകുന്നതിനാൽ ഇനി വണ്ടി ഉപയോഗിക്കരുത് എന്ന് പറഞ്ഞു. എന്നാൽ, എന്റെ പേരെഴുതിയ മോതിരം പണയപ്പെടുത്തിയോ വിറ്റോ ഞാനറിയാതെ രണ്ടാമതൊരു വണ്ടികൂടി വാങ്ങി. ജോലിക്കും പോയി. ഒരു പാർട്ടിയിലും ചേർന്നു. പാർട്ടിയിൽ പോകണ്ട എനിക്കിഷ്ടമല്ലെന്ന് പറഞ്ഞതാ. എന്നാൽ, പാർട്ടിയിൽ ഉള്ളവർ പിന്തുണനൽകി, എന്തുവന്നാലും ഞങ്ങളുണ്ടെന്ന് പറഞ്ഞു. രാത്രികാലങ്ങളിൽ വരികയും പോകുകയുമൊക്കെയാണ് ചെയ്യുന്നത്. ഉള്ളതുകൊണ്ട് സന്തോഷമായി കഴിയാമെന്ന് പലപ്രാവശ്യം പറഞ്ഞതാണ്. അതുകേൾക്കാതെ സ്വന്തം ഇഷ്ടപ്രകാരം പോയി. 2024-ൽ ഞാൻ അറിയാതെ എന്റെ വീട്ടിൽനിന്ന് സ്വർണമെടുത്ത് പണയം വെച്ചു. മക്കളുടെ കാര്യം എന്താകുമെന്ന് ചിന്തിച്ചിട്ടാണ് ഒരുപാട് കാലം വിട്ടത്. എന്നാൽ, അവൾക്ക് അതൊരു പ്രശ്നമല്ല. നാട്ടുകാർ എന്നെനോക്കി ചിരിക്കുകയാണ്', വീഡിയോയിൽ ഐസക് പറയുന്നു.
Location :
Kollam,Kollam,Kerala
First Published :
September 22, 2025 1:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'നാട്ടുകാർ ചിരിക്കുകയാണ്, ആഡംബര ജീവിതം നയിക്കാനാണ് അവൾക്കിഷ്ടം'; ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർത്താവിന്റെ ഫേസ്ബുക്ക് ലൈവ്