സംശയ രോഗം; കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രികയ്ക്ക് കുത്തിക്കൊന്നു
- Published by:Rajesh V
- news18-malayalam
Last Updated:
ഭര്‍ത്താവ് സനു കുട്ടൻ ആണ് കത്രിക ഉപയോഗിച്ച് കുത്തിയത്. ഇയാൾ ഒളിവിലാണ്
കൊല്ലം കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനി രേണുക (38) ആണ് മരിച്ചത്. ഭര്‍ത്താവ് സനു കുട്ടൻ ആണ് കത്രിക ഉപയോഗിച്ച് കഴുത്തിലും അടിവയറ്റിലും കുത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൊലപാതകത്തിന് ശേഷം ഭർത്താവ് രക്ഷപ്പെട്ടു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സനു കുട്ടന് ഭാര്യയിൽ സംശയ രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
രേണുവിന്റെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സനു കുട്ടൻ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ഉടൻതന്നെ ബന്ധുക്കൾ കുളത്തൂപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അപകടകരമായ നിലയിലുള്ള മുറിവ് ആയതിനാൽ പ്രാഥമിക ചികിത്സ നൽകിയശേഷം രേണുവിനെ പിന്നീട് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കടക്കൽ ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്.
ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വീട്ടുകാർ പറയുന്നു. മുൻപും സനു കുട്ടൻ സംശയത്തെ തുടർന്ന് വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നതായി ബന്ധുക്കൾ മൊഴി നൽകി. മരിച്ച രേണുവിന് നാല് മക്കളുണ്ട്: മനു, മനീജ, മഞ്ജിമ, മണികണ്ഠൻ. ഒളിവിൽപോയ സനു കുട്ടനായുള്ള അന്വേഷണം കുളത്തൂപ്പുഴ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്
Location :
Kollam,Kollam,Kerala
First Published :
June 20, 2025 2:41 PM IST