'പെൺകുട്ടികളെ മയക്കുമരുന്ന് കൊടുത്ത് സെക്സ് കെണിയിൽ വീഴ്ത്തുന്നു' കേരളാ പൊലീസ് സർവേ റിപ്പോർട്ട്

Last Updated:

'നേരത്തെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ കോളേജുകളിലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോൾ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി മരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നത്. അതില്‍പ്പെടുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരും പെണ്‍കുട്ടികളാണ്'

തിരുവനന്തപുരം: കേരളത്തിലെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് കേരള പൊലീസിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. മയക്കുമരുന്നിന് ഇരകളായ 21 വയസ്സിന് താഴെയുള്ളവർക്കിടയിൽ നടത്തിയ സർവേയില്‍ അവരിൽ 40 ശതമാനം പേരും 18 വയസിന് താഴെയുള്ളവരാണെന്നാണ് കണ്ടെത്തി.
ലഹരിമരുന്നിന് അടിമപ്പെടുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരും പെണ്‍കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്ന് റാക്കറ്റുകളില്‍പെടുന്ന ഇവരെ കാരിയറുകളായും ലഹരിമരുന്ന് മാഫിയ ഉപയോഗിക്കുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു.
‘നേരത്തെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ കോളേജുകളിലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോൾ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി മരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നത്. അതില്‍പ്പെടുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരും പെണ്‍കുട്ടികളാണ്,’ എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയ്‌നിന്റെ നോഡല്‍ ഓഫീസര്‍ കൂടിയാണ് അദ്ദേഹം.
advertisement
പെണ്‍കുട്ടികളെ ലഹരി റാക്കറ്റുകളിലേക്ക് വീഴ്ത്താനായി ലഹരി മരുന്ന് മാഫിയയ്ക്കായി ചില സ്ത്രീകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുമായി സൗഹൃദം നടിച്ച ശേഷം അവരെ ലഹരി ഉപയോഗിക്കാനായി പ്രേരിപ്പിക്കുകയാണ് ഈ സ്ത്രീകളുടെ ജോലി. സ്‌കൂളുകളോട് ചേര്‍ന്നുള്ള ചെറിയ തട്ടുകടകളിലും പെട്ടിക്കടകളിലും ലഹരി വസ്തുക്കള്‍ സുലഭമായി ലഭിക്കുന്നുണ്ടെന്നും എഡിജിപി പറഞ്ഞു.
advertisement
”പെണ്‍കുട്ടികളെ ലഹരി വലയിലേക്ക് എത്തിക്കാൻ സ്ത്രീകളായ കാരിയര്‍മാരെ മാഫിയ ഉപയോഗിക്കുന്നു. പലപ്പോഴും ആണ്‍കുട്ടികളെ ഉപയോഗപ്പെടുത്തിയും അവരുടെ പ്രണയിനികളെ മയക്കുമരുന്ന് കെണിയിലേക്ക് വീഴ്ത്തുന്നുണ്ട്”- എഡിജിപി പറഞ്ഞു.
സ്‌കൂളുകളുടെ പരിസരം ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് സമീപമുള്ള തട്ടുകടകളിലും പെട്ടിക്കടകളിലും മറ്റുമായി പോലീസ് 18,301 ഇടങ്ങളില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു. ഇതിനെ തുടർന്ന് 401 കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തു.
റെയ്ഡില്‍ 462 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ 20.97 കിലോ കഞ്ചാവും 186.38 ഗ്രാം എംഡിഎംഎയും 1122.1 ഗ്രാം ഹാഷിഷും പൊലീസ് കണ്ടെത്തി. സ്‌കൂള്‍ കുട്ടികളിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന എല്ലാ കാരിയേഴ്‌സിനെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
advertisement
ലഹരി മരുന്ന് ഉപയോഗം തടയാനായി സ്‌കൂള്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്‌കൂളുകളിലെത്തിയ കൗണ്‍സിലിംഗ് സംഘത്തില്‍ നിന്നും ലഭിച്ച വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. സ്‌കൂള്‍ ക്ലാസ്സ് റൂമുകളിലും ഡെസ്‌കുകളിലും ലഹരി മരുന്ന് ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും ഈ സംഘം പൊലീസിനെ അറിയിച്ചു. സ്‌കൂള്‍ കുട്ടികളില്‍ പലരും ലഹരി മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്നും കൗണ്‍സിലിംഗ് സംഘം പൊലീസിനെ അറിയിച്ചു.
advertisement
കൗണ്‍സിലിംഗില്‍ ലഹരി മരുന്ന് എവിടെ നിന്നാണ് കിട്ടിയത് എന്ന ചോദ്യത്തിന് കുട്ടികള്‍ ഉത്തരം നല്‍കിയില്ലെന്ന് അഞ്ജു ഡയസ് എന്ന കൗണ്‍സിലര്‍ പറയുന്നു. പതിമൂന്ന് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളില്‍ പലരും ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അതിന് ശേഷം അവര്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക എന്നത് ലക്ഷ്യമിട്ടാണ് പല ആണ്‍കുട്ടികളും ലഹരി മരുന്ന് പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതെന്നും കൗണ്‍സിലിംഗ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അധ്യാപകരും മാതാപിതാക്കളും വിചാരിച്ചാല്‍ ഈ വിഷയത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു.
advertisement
അതേസമയം 2022-ല്‍ കേരള പോലീസ് ലഹരിമരുന്നുമായി ബന്ധപ്പെട്ട് 25,240 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 29,514 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2021-ല്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട് 5334 കേസുകളും 6704 പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു.
(വാർത്താ ഏജൻസിയായ പിടിഐയുടെ ഇംഗ്ലീഷ് റിപ്പോർട്ടിന്റെ പരിഭാഷയാണ് ഈ ലേഖനം)
മലയാളം വാർത്തകൾ/ വാർത്ത/Crime/
'പെൺകുട്ടികളെ മയക്കുമരുന്ന് കൊടുത്ത് സെക്സ് കെണിയിൽ വീഴ്ത്തുന്നു' കേരളാ പൊലീസ് സർവേ റിപ്പോർട്ട്
Next Article
advertisement
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
  • ചാർളി കിർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 22കാരനായ ടെയ്ലർ റോബിൻസൺ അറസ്റ്റിലായി.

  • പിതാവിന്റടുത്ത് പ്രതി കുറ്റസമ്മതം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട്.

  • പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

View All
advertisement