വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാത്ത പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ ശിക്ഷ
- Published by:Sarika N
- news18-malayalam
Last Updated:
മണിയപ്പൻ എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരുന്ന സമയത്താണ് പരാതിക്കാസ്പദമായ സംഭവം നടന്നത്
വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് കൃത്യസമയത്ത് മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയ പഞ്ചായത്ത് സെക്രട്ടറിക്ക് സംസ്ഥാന വിവരാവകാശ കമ്മീഷൻ പിഴ ചുമത്തി. തിടനാട് പഞ്ചായത്ത് സെക്രട്ടറി പി.പി. മണിയപ്പനാണ് 10,000 രൂപ പിഴ ഒടുക്കേണ്ടി വരിക. മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായരുടേതാണ് ഉത്തരവ്.
മണിയപ്പൻ എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരുന്ന സമയത്താണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് എരുമേലി സ്വദേശി പി.എച്ച്. റഷീദ് തന്റെ കെട്ടിടവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി അപേക്ഷ നൽകിയിരുന്നു. എന്നാൽ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനെത്തുടർന്ന് റഷീദ് വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.
കേസിൽ ഹിയറിങ് നടത്തിയ കമ്മീഷൻ, മണിയപ്പൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. സ്ഥലംമാറ്റം ലഭിച്ചു പോയതിനാലാണ് മറുപടി നൽകാൻ കഴിയാതിരുന്നത് എന്നായിരുന്നു മണിയപ്പന്റെ വിശദീകരണം. എന്നാൽ സ്ഥലംമാറ്റത്തിന് മുൻപ് തന്നെ മറുപടി നൽകാൻ മതിയായ സമയം ലഭിച്ചിട്ടും ഉദ്യോഗസ്ഥൻ മനഃപൂർവം വീഴ്ച വരുത്തിയതായി കമ്മീഷൻ നിരീക്ഷിച്ചു. നിലവിലെ എരുമേലി സെക്രട്ടറി ബി. മഞ്ജുവിനോടും കമ്മീഷൻ വിശദീകരണം തേടിയിരുന്നു. ചുമതലയേറ്റ ശേഷം അവധിയിലായിരുന്നതിനാൽ മറുപടി നൽകാൻ കഴിഞ്ഞില്ലെന്ന മഞ്ജുവിന്റെ വിശദീകരണം കമ്മീഷൻ അംഗീകരിച്ചു.
advertisement
പിഴത്തുക 30 ദിവസത്തിനകം അടയ്ക്കാനാണ് നിർദ്ദേശം. നിശ്ചിത സമയത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്നോ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്തോ തുക ഈടാക്കാൻ കമ്മീഷൻ ഉത്തരവിട്ടു. ഹിയറിങ്ങിൽ എരുമേലി അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് റാഫി, പി.പി. മണിയപ്പൻ എന്നിവർ ഹാജരായിരുന്നു. പരാതിക്കാരന് ഉടൻ മറുപടി നൽകാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
Location :
Pathanamthitta,Pathanamthitta,Kerala
First Published :
Apr 06, 2026 1:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാത്ത പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ ശിക്ഷ





