പേരിൽ മാത്രമേ 'വടിവാൾ' ഉള്ളൂവെന്ന് പ്രതി സലീം; പൊട്ടിക്കരഞ്ഞും ദയയാചിച്ചും കോടതിയിൽ പ്രതികള്‍
- Published by:Rajesh V
- news18-malayalam
Last Updated:
ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കി. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ അപേക്ഷിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെയും ശിക്ഷാവാദം പൂർത്തിയായി. 11 മണിക്ക് കോടതി ചേർന്നപ്പോൾ കേസ് എടുത്തിരുന്നുവെങ്കിലും മറ്റ് കേസുകള്‍ പരിഗണിച്ചശേഷം ശിക്ഷയില്‍ വാദം കേള്‍ക്കാമെന്ന നിലപാടാണ് എറണാകുളം സെഷന്‍സ് കോടതി കൈക്കൊണ്ടത്. 11.30 ഓടെയാണ് കേസിൽ വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കി. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ അപേക്ഷിച്ചു. നടിയെ ആക്രമിച്ച കേസിൽ കോടതി അലക്ഷ്യ പരാമർശം നടത്തിയവർക്കെതിരേയുള്ള ഹർജികൾ ഡിസംബർ 18ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി വാദം കേള്‍ക്കല്‍ തുടങ്ങിയത്. അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ ഉണ്ടാകരുത് എന്നാണ് ജഡ്ജി ഹണി എം വര്‍ഗീസ് മുന്നറിയിപ്പ് നല്‍കി. തന്റെ ഭൂതവും ഭാവിയും ചികഞ്ഞോളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് ജഡ്ജി കര്‍ശനമായി പറഞ്ഞു.
പ്രതികൾ പറഞ്ഞത്
ശിക്ഷാവിധി സംബന്ധിച്ച് പ്രതികൾക്ക് എന്നാണ് പറയാൻ ഉള്ളതെന്നായിരുന്നു കോടതി പ്രതികളോട് ഓരോരുത്തരോടുമായി ആരാഞ്ഞത്. വീട്ടിൽ അമ്മ മാത്രമേയുള്ളു എന്നായിരുന്നു ഒന്നാം പ്രതി പൾസർ സുനി പറഞ്ഞത്. കേസിൽ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കൾ അസുഖബാധിതരായ മാതാപിതാക്കൾ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലിൽ കഴിഞ്ഞെന്നും ഒരു പെറ്റിക്കേസിൽ പോലും പ്രതിയല്ലെന്നും ശിക്ഷാവിധിയിൽ ഇളവ് വേണമെന്നും മാർട്ടിൻ കോടതിയോട് പറഞ്ഞു.
advertisement
ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠൻ കോടതിയിൽ പറഞ്ഞത്. ജയിൽശിക്ഷ ഒഴിവാക്കി നൽകണമെന്നും മണികണ്ഠൻ കോടതിയോട് അഭ്യർത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചത്. കണ്ണൂർ തലശ്ശേരി ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു.
പേരിൽ മാത്രമേ വടിവാൾ ഉള്ളൂവെന്ന് അഞ്ചാം പ്രതി വടിവാൾ സലിമിന്റെ (എച്ച് സലീം) അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പോലീസ് ആണ് വടിവാൾ എന്നു പേരിട്ടതെന്നും അഭിഭാഷകൻ പറഞ്ഞു. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിൻ്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയിൽ പറഞ്ഞു. നേരത്തേ വാദത്തിനിടെ സലിം കോടതിമുറിയിൽ തലകറങ്ങി വീണിരുന്നു. കുടുംബത്തിൻ്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയിൽ കരഞ്ഞുകൊണ്ട് പറഞ്ഞത്.
advertisement
വാദപ്രതിവാദം
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടത്. ആസൂത്രിതമായ കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഒന്നാം പ്രതിയാണ് യഥാർത്ഥ പ്രതിയെന്നും മറ്റുള്ളവർ ഒന്നാം പ്രതിയെ സഹായിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ്റെ വാദത്തിന് മറുപടിയായി വിചാരണ കോടതി ചൂണ്ടിക്കാട്ടി.
കൂട്ടബലാത്സംഗക്കുറ്റത്തിലെ ശിക്ഷയിലാണ് ചോദ്യമെന്നും ക്രിമിനൽ ഗൂഢാലോചനയിലെ ശിക്ഷയിലല്ല ചോദ്യമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ജീവപര്യന്തം നൽകിയില്ലെങ്കിൽ എന്തുകൊണ്ടെന്ന കാരണം വ്യക്തമാക്കേണ്ടിവരുമെന്ന് പറഞ്ഞ കോടതി 20 വർഷമാണ് (കുറഞ്ഞ ശിക്ഷ) നൽകുന്നതെങ്കിലും കാരണം ശിക്ഷാവിധിയിൽ ബോധ്യപ്പെടുത്തണമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വ്യക്തത തേടുന്നത് എന്നും കോടതി ചൂണ്ടിക്കാണിച്ചു. 376(ഡി) പ്രകാരം നടന്നത് കൂട്ടബലാത്സംഗമാണെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി പറഞ്ഞു. ഒന്നാം പ്രതിയ്ക്ക് മാത്രമായി പ്രത്യേക ശിക്ഷ നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. ഒന്നാം പ്രതിയും മറ്റുപ്രതികളും ചെയ്ത ശിക്ഷയ്ക്ക് വ്യത്യാസമില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.നടിയെ ആക്രമിച്ച കേസ് യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാണിച്ചു.
advertisement
പ്രോസിക്യൂഷൻ വാദത്തിന് ശേഷം പ്രതിഭാഗം വാദവും വാദമുഖങ്ങൾ അവതരിപ്പിച്ചു. അനുകൂല സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതിഭാഗം വിചാരണ കോടതിയോട് ആവശ്യപ്പെട്ടു. പ്രതികൾക്ക് മാനസാന്തരത്തിന് അവസരമൊരുക്കണമെന്നും പ്രതിഭാഗം വാദിച്ചു. അതിക്രൂരമായ ബലാത്സംഗം നടന്നാൽ മാത്രമേ മാക്സിമം ശിക്ഷ നൽകാൻ ആകൂവെന്നായിരുന്നു പൾസർ സുനിയുടെ അഭിഭാഷകൻ്റെ വാദം. അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടത് അല്ലേ എന്നായിരുന്നു വിചാരണ കോടതിയുടെ ഇതിനോടുള്ള പ്രതികരണം. സ്ത്രീയുടെ അന്തസ്സും അഭിമാനവും പ്രധാനം അല്ലെ എന്നും കോടതി ചോദിച്ചു. പ്രതിഭാഗത്തിൻ്റെ വാദത്തെ പ്രോസിക്യൂഷൻ എതിർത്തു.
advertisement
സുനിയുടെ അമ്മ രോഗിയെന്നും അമ്മയുടെ അസുഖം പരിഗണിക്കണമെന്നും പൾസർ സുനിയുടെ അഭിഭാഷകൻ വാദിച്ചു. രണ്ടാം പ്രതി മാർട്ടിൻ്റെ അഭിഭാഷകൻ ഓൺലൈനായാണ് വാദത്തിന് ഹാജരായത്. ഏറ്റവും കുറഞ്ഞ ശിക്ഷ തൻ്റെ കക്ഷിക്ക് നൽകണമെന്നായിരുന്നു മാർട്ടിൻ്റെ അഭിഭാഷകൻ വാദിച്ചത്. കൂട്ടബലാത്സംഗ കുറ്റം ബാധകമല്ലെന്നും മാർട്ടിൻ ഒരു പെറ്റി കേസിൽ പോലും പ്രതിയായിട്ടില്ലെന്നും മാർട്ടിൻ്റെ അഭിഭാഷകൻ വാദിച്ചു. ഇന്ന് തന്നെ ശിക്ഷാ വിധി പ്രഖ്യാപിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
കുടുംബ പ്രാബ്ധങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു മൂന്നാം പ്രതി അഭിഭാഷകൻ്റെ വാദം. ഒന്നര സെൻ്റ് സ്ഥലത്താണ് കടുംബം താമസിക്കുന്നതെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും മണികണ്ഠൻ്റെ അഭിഭാഷകൻ വാദിച്ചു. ഒരു പെറ്റികേസിൽ പോലും മണികണ്ഠൻ പ്രതിയല്ലെന്നും റിമാൻഡ് കാലാവധി ശിക്ഷയിൽ നിന്നും കുറയ്ക്കണമെന്നും മണികണ്ഠൻ്റെ വക്കീൽ ആഭ്യർത്ഥിച്ചു.
advertisement
കേസ് തുടങ്ങിയപ്പോൾ മുതൽ ഓരോരുത്തരും സ്വാർത്ഥ താൽപ്പര്യത്തിനായി ഓരോന്ന് ചെയ്തു അത് ഇനിയും ആവർത്തിക്കരുതെന്നും പ്രതിഭാഗം വാദത്തിനിടെ കോടതി മുന്നറിയിപ്പ് നൽകി. അഭിപ്രായം പറയാൻ താൽപര്യമുള്ളവർ വിധിന്യായം വായിക്കണമെന്നും പ്രതിഭാഗം വാദം ഉന്നയിക്കുന്നതിൽ പ്രൊസിക്യൂഷൻ ആശങ്കപ്പെടേണ്ടെന്നും പ്രതിഭാഗം വാദത്തിനിടെ കോടതിയുടെ പരാമർശം ഉണ്ടായി. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ശിക്ഷാവിധി ഉണ്ടാകുമെന്നാണ് കോടതി വ്യക്തമാക്കി
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 12, 2025 1:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പേരിൽ മാത്രമേ 'വടിവാൾ' ഉള്ളൂവെന്ന് പ്രതി സലീം; പൊട്ടിക്കരഞ്ഞും ദയയാചിച്ചും കോടതിയിൽ പ്രതികള്‍









