• HOME
  • »
  • NEWS
  • »
  • crime
  • »
  • കൂടത്തായി കൊലപാതക പരമ്പര: ജ്യോത്സ്യനും കാലക്കേട്

കൂടത്തായി കൊലപാതക പരമ്പര: ജ്യോത്സ്യനും കാലക്കേട്

പൊന്നാമറ്റം വീടിന് ദോഷമുണ്ടെന്നും ദുര്‍മരണങ്ങള്‍ സംഭവിക്കുമെന്നും ജ്യോത്സ്യന്‍ പ്രവചിച്ചതായി ജോളി അയല്‍വാസികളോട് പറഞ്ഞിരുന്നു

News18

News18

  • Share this:
    കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയ്ക്ക് പിന്നിലെ അന്ധവിശ്വാസ സാധ്യതകളും പൊലീസ് പരിശോധിക്കുന്നു. കേസിൽ അറസ്റ്റിലായ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മൃതദേഹത്തില്‍ ഉണ്ടായിരുന്ന തകിടിനെക്കുറിച്ചുള്ള അന്വേഷണം എത്തിയത് കട്ടപ്പനയിലെ ജ്യോത്സ്യനിലാണ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ജ്യോത്സ്യന്‍ ഒളിവില്‍ പോയിരിക്കുകയാണ്.

    പൊന്നാമറ്റം വീടിന് ദോഷമുണ്ടെന്നും ദുര്‍മരണങ്ങള്‍ സംഭവിക്കുമെന്നും ഒരു ജ്യോത്സ്യന്‍ പ്രവചിച്ചതായി ജോളി അയല്‍വാസികളോട് പറഞ്ഞിരുന്നു. ഇതുപ്രകാരം ജോളിയുടെ നാടായ കട്ടപ്പനയിലെ ജ്യോത്സ്യന്‍ വഴി പൂജാകര്‍മങ്ങള്‍ നടത്തിയതായാണ് സൂചന. ഇടുക്കി കട്ടപ്പന സ്വദേശിനിയായ ജോളി 22 വർഷം മുമ്പാണ് റോയ് തോമസിനെ വിവാഹം കഴിച്ച് കോഴിക്കോട് കൂടത്തായിയില്‍ എത്തിയത്.

    ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണശേഷം മൃതദേഹത്തില്‍ തകിട് കണ്ടെത്തിയിരുന്നു. തകിടുനല്‍കിയ ജ്യോത്സ്യന്റെ വിലാസവും ഒരു പൊടിയും പാന്റ്‌സിന്റെ പോക്കറ്റിലുണ്ടായിരുന്നു. റോയിയുടെ മരണ ശേഷം കോടഞ്ചേരി പൊലീസ് ഇവ ശേഖരിച്ചെങ്കിലും പിന്നീട് അന്വേഷണം നടത്തിയിരുന്നില്ല.

    കൂടത്തായി കൊലപാതക പരമ്പരകളെക്കുറിച്ച് ജോളി വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം കട്ടപ്പനയിലെ ജ്യോത്സ്യനിലേക്കും എത്തിയത്. ചോദ്യം ചെയ്യാന്‍ ഇയാളെ വിളിച്ചെങ്കിലും ഹാജരായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇയാള്‍ ഒളിവില്‍ പോയതായാണ് വിവരം. രാവിലെ വീട്ടില്‍ നിന്ന് പോയതാണെന്നും പിന്നീട് വിവരമില്ലെന്നുമാണ് വീട്ടുകാർ അറിയിച്ചത്.

    ജ്യോത്സ്യന്‍ നല്‍കിയ പൊടി ഷാജുവിന്റെ ആദ്യ ഭാര്യ സിലിക്ക് വെള്ളത്തില്‍ കലര്‍ത്തി നല്‍കിയെന്ന് ജോളി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. ഈ പൊടിയാണ് മരണകാരണമെന്ന് വരുത്താനുള്ള ജോളിയുടെ ശ്രമമായും പൊലീസ് ഇതിനെ കാണുന്നു. കൊലപാതക പരമ്പരയില്‍ മന്ത്രവാദം ജോളിയെ സ്വാധീനിച്ചോ എന്ന രീതിയിലും അന്വേഷണം ശക്തിപ്പെടുത്തുകയാണ് പൊലീസ്.

    First published: