കൂടത്തായി കൊലപാതക പരമ്പര: നാടിനെ ഞെട്ടിച്ച കേസിൽ മരിച്ചവരുടെ അടുത്ത ബന്ധു ജോളി അറസ്റ്റിലായിട്ട് ഒരു വര്‍ഷം

Last Updated:

Koodathayi serial killer Jolly serving jail term for the past one year | 2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി പൊന്നാമറ്റം വീട്ടില്‍ നിന്ന് അറസ്റ്റിലായത്

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയാമ്മ ജോസഫ് അറസ്റ്റിലായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 14 വര്‍ഷങ്ങള്‍ക്കിടെ ആറ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളും വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ കൂട്ടുനിന്ന രണ്ടുപേരും പിന്നീട് പിടിയിലായി. 14 വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകം നടന്നിരുന്നു.
പ്രതി കുടുംബത്തില്‍ നിന്നുള്ള സ്ത്രീയാണെന്ന് ലോകം ഞെട്ടലോടെയാണ് അറിഞ്ഞത്. 2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി പൊന്നാമറ്റം വീട്ടില്‍ നിന്ന് അറസ്റ്റിലായത് . ഒക്ടോബര്‍ നാലിന് അന്വേഷണ സംഘം സെമിത്തേരിയിലെ കല്ലറകള്‍ നീക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
ജോളിക്ക് പിന്നാലെ  ഇവര്‍ക്കു സയനൈഡ് എത്തിച്ചുനല്‍കിയ ബന്ധു മഞ്ചാടിയില്‍ എം.എസ്. മാത്യു,  സ്വര്‍ണപ്പണിക്കാരനായ പ്രജികുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ച സി.പി.എം. കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി ഇ. മനോജ്കുമാര്‍, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഡ്വ. സി. വിജയകുമാര്‍ എന്നിവരെ പിന്നീട് റോയ് തോമസ് വധക്കേസില്‍ പ്രതി ചേര്‍ത്തു.
advertisement
ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആറു കേസുകളിലെയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. രണ്ടു കേസുകളില്‍ പ്രാരംഭ വാദം തുടങ്ങി. പ്രതികളായ ജോളി ജോസഫും എം.എസ്. മാത്യുവും ഇപ്പോഴും ജയിലില്‍ തന്നെ. മൂന്നാം പ്രതി പ്രജികുമാറിനും മറ്റുള്ളവര്‍ക്കും ജാമ്യം ലഭിച്ചു.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു കൊല്ലപ്പെട്ടത്.
advertisement
പ്ലസ്ടു യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എന്‍.ഐ.ടി. പ്രൊഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം കേരളം നടുക്കത്തോടെ കേട്ടു. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറു പേര്‍ സമാന സാഹചര്യത്തില്‍ മരിച്ചത്.
ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകന്‍ റോജോ തോമസ്  2019  ജൂലൈയിലാണ് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കുന്നത്.  എന്നാല്‍ സ്വത്തുതര്‍ക്കമെന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ടുപോയില്ല. ഇതിനിടെ കെ.ജി. സൈമണ്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തു. പരാതി വീണ്ടും അദ്ദേഹത്തിന്റെ മുന്നിലെത്തി. സ്‌പെഷല്‍ ബ്രാഞ്ച്  സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.
advertisement
ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു ജീവന്‍ ജോര്‍ജിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി. ആര്‍. ഹരിദാസന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് കല്ലറ തുറക്കാന്‍ തീരുമാനിച്ചത്. കല്ലറ തുറന്നതിനു പിന്നാലെ പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തി.
കൊല്ലപ്പെട്ട സിലിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്നു ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. സയനൈഡ് ഉള്ളില്‍ ചെന്നാണ് റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ബാക്കി നാലു പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഹൈദരാബാദിലെ നാഷണല്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെയും ഫലം ലഭിച്ചിട്ടില്ല.
advertisement
റോയ് ‌തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മറ്റ് അഞ്ച് കൊലപാതകങ്ങളിലും ജോളി തന്റെ സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ സംസ്‌കരിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൂടത്തായി കൊലപാതക പരമ്പര: നാടിനെ ഞെട്ടിച്ച കേസിൽ മരിച്ചവരുടെ അടുത്ത ബന്ധു ജോളി അറസ്റ്റിലായിട്ട് ഒരു വര്‍ഷം
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement