തൃശൂർ: അമ്മയെ വിഷം കൊടുച്ച് കൊലപ്പെടുത്തിയ കേസിൽ മകൾ ചോഴിയാട്ടിൽ വീട്ടിൽ ഇന്ദുലേഖ(39)യെ റിമാൻഡ് ചെയ്കു. സാമ്പത്തിക പ്രതിസന്ധി തീർക്കാൻ സ്വത്ത് തട്ടിയെടുക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പൊലീസ് പറഞ്ഞു. കുന്നംകുളം കീഴൂർ സ്വദേശി രുഗ്മിണിയെ (58)യാണ് ഇന്ദുലേഖ ചായയിൽ എലിവിഷം കലർത്തി നൽകി കൊലപ്പെടുത്തിയത്.
തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രുഗ്മണി മരിച്ചത്. കിഴൂരിൽ 13.5 സെന്റ് സ്ഥലവും വീടുമാണ് ഇവർക്കുണ്ടായിരുന്നത്. മാതാപിതാക്കളുടെ കാലശേഷം ഇത് ഇന്ദുലേഖയ്ക്ക് എഴുതിവെച്ചിരുന്നു. മകൾക്ക് എട്ട് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. സ്ഥലം പണയം വെച്ച് തുക കണ്ടെത്തുന്നതിന് രുഗ്മിണി സമ്മതിച്ചില്ല.
വിദേശത്തുള്ള ഭർത്താവിന് ബാധ്യതകൾ അറിയാമായിരുന്നില്ല. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് ഭർത്താവ് നാട്ടിലെത്തിയിരുന്നു. ഇതോടെ സ്വർണാഭരണങ്ങൾ തിരിച്ചെടുക്കേണ്ടിയിരുന്നു. ഒരു മാസമായി പനിയുടെ ഗുളികകൾ ഭക്ഷണത്തിൽ കലർത്തി അമ്മയ്ക്കും അച്ഛനും ഇന്ദുലേഖ നൽകിയിരുന്നു. കറിയിൽ ചേർത്താണ് ഇവ നൽകിയിരുന്നത്. കരൾരോഗ ബാധിതരാക്കി ആർക്കും സംശയമില്ലാത്ത രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
ഭർത്താവിനെ വിമാനത്താവളത്തിൽനിന്ന് കൊണ്ടുവന്നതിന് ശേഷമാണ് അമ്മയ്ക്ക് ചായയിൽ എലിവിഷം കലർത്തി നൽകിയത്. ഭർത്താവിനും അച്ഛനും ചായയിൽ സോപ്പുലായനി കലർത്തി നൽകിയതായും മൊഴി നൽകിയിട്ടുണ്ട്. കൃത്രിമമായി ഭക്ഷ്യവിഷബാധയുണ്ടാക്കാനായിരുന്നു ശ്രമം. ഒരു മാസം മുമ്പ് അച്ഛനെ ഇതേ രീതിയിൽ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.
അമ്മ രുഗ്മിണിക്ക് തുടർച്ചയായ ഛർദ്ദിയാണെന്നും മഞ്ഞപ്പിത്തമാണെന്നും പറഞ്ഞാണ് മകൾ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചെന്നപ്പോൾ വിഷം ഉള്ളിൽ ചെന്നിട്ടുള്ളതായി ഡോക്ടർ സംശയം പറഞ്ഞു. ആശുപത്രിയിൽ മഞ്ഞപ്പിത്തമെന്നും ഭക്ഷ്യവിഷബാധയെന്നും രണ്ട് കാരണങ്ങൾ ഇന്ദുലേഖ പറഞ്ഞിരുന്നു. രുക്മിണിയുടെ മരണത്തിന് ശേഷമാണ് പോലീസിന് വിവരം ലഭിക്കുന്നത്.
പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വിഷം ഉള്ളിൽ ചെന്നതാണെന്നു കണ്ടെത്തി. ഇന്ദുലേഖയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് വിഷത്തെക്കുറിച്ച് അന്വേഷിച്ചതിന്റെ തെളിവുകൾ ലഭിച്ചത്. മാരകമായ വിഷം ഏത്? ഇത് ഉള്ളിൽ ചെന്നാൽ ലക്ഷണം ഏത്? എന്നിങ്ങനെയുള്ള സെർച്ചുകൾ എന്തിനാണെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് മുമ്പിൽ ഇന്ദുലേഖ പതറി. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ ഇന്ദുലേഖ കുറ്റം സമ്മതിച്ചു.
അമ്മയ്ക്ക് ശേഷം അച്ഛനെ കൊലപ്പെടുത്തിയോ ശാരീരികമായി അവശനിലയിലാക്കിയോ സ്വത്ത് കൈവശപ്പെടുത്താനാണ് ലക്ഷ്യമാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് ഇന്ദുലേഖയ്ക്കുള്ളത്. വിദ്യാർഥികളായ രണ്ട് മക്കളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Murder case, Thrissur