ഡോക്ടറുടെ കാര്‍ ബൈക്ക് യാത്രിക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി; പൊളിച്ചുവില്‍ക്കാനെത്തിച്ചപ്പോൾ പിടികൂടി
- Published by:Arun krishna
- news18-malayalam
Last Updated:
നവംബർ 27ന് പുലർച്ചെ നാലരയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് അമിതവേഗത്തിലെത്തിയ കാർ കുറ്റിപ്പുറം പാലത്തിന് മുകളിൽ ഓട്ടോയിലും ബൈക്കിലും ഇടിച്ച് നിർത്താതെ പോവുകയായിരുന്നു.
മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയ പാതയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെതാണെന്ന് പോലീസ് കണ്ടെത്തി. അപകടത്തിന് ശേഷം പൊളിച്ച് വിൽക്കാന്‍ തൃശൂരിലെ കടയിലെത്തിച്ച കാർ കുറ്റിപ്പുറം പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടറും കോഴിക്കോട് സ്വദേശിയുമായ ബിജു ജോർജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും തെളിവ് നശിപ്പിക്കലിനും കേസെടുത്തു.
നവംബർ 27ന് പുലർച്ചെ നാലരയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് അമിതവേഗത്തിലെത്തിയ കാർ കുറ്റിപ്പുറം പാലത്തിന് മുകളിൽ ഓട്ടോയിലും ബൈക്കിലും ഇടിച്ച് നിർത്താതെ പോവുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി സനാഹ് (22) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് കുറ്റിപ്പുറം സിഐ പി.കെ.പത്മരാജന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാറിനെക്കുറിച്ച് വിവരം ലഭിച്ചത്. ചങ്ങരംകുളത്തെ സിസിടിവിയിൽ നിന്ന് നമ്പർ പ്ലേറ്റ് ഒടിഞ്ഞു തൂങ്ങിയ നിലയിലുള്ള കാറിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു.
advertisement
തൃശൂരിലെ വാഹനങ്ങൾ പൊളിക്കുന്ന മാർക്കറ്റിൽനിന്ന് കാർ കണ്ടെത്തിയത്. അപകടത്തിൽപെട്ടശേഷം നിർത്താതെ പോയ കാർ കുന്നംകുളത്തുവച്ച് കേടായതോടെ അവിടെയുള്ള കടയിൽ പൊളിച്ചുവിൽക്കാന്‍ ഏൽപിക്കുകയായിരുന്നു. തുടര്‍ന്ന് കാർ പൊളിക്കാൻ തൃശൂർ അത്താണിയിലെത്തിച്ചു. അപകടത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് ഡോക്ടർ പോലീസിനോട് പറഞ്ഞത്. എന്നാൽ അപകടത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് കാർ പൊളിച്ചുവിൽക്കാൻ ഡോക്ടർ ശ്രമിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
Location :
Malappuram,Kerala
First Published :
December 14, 2023 8:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡോക്ടറുടെ കാര്‍ ബൈക്ക് യാത്രിക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി; പൊളിച്ചുവില്‍ക്കാനെത്തിച്ചപ്പോൾ പിടികൂടി