മലപ്പുറം എടവണ്ണയിൽ വെടിയേറ്റ് മരിച്ച റിദാൻ ബാസിത്തിൻ്റെ മൃതദേഹത്തിൽ നിന്നും വെടിയുണ്ട കണ്ടെത്തി. മയക്ക് മരുന്ന് കേസിൽ പ്രതിയായ ഇയാളുടെ മരണം കൊലപാതകം തന്നെ ആണെന്ന നിഗമനത്തിലാണ് പോലീസ്. മഞ്ചേരി മെഡിക്കൽ കോളജിൽ ആയിരുന്നു റിദാൻ ബാസിത്തിൻ്റെ പോസ്റ്റ് മോർട്ടം. മൂന്ന് വെടിയുണ്ടകൾ ഏറ്റ മുറിവ് ശരീരത്തിൽ ഉണ്ട്. ഒരു വെടിയുണ്ട ശരീരത്തിന് ഉള്ളിൽ നിന്നും കണ്ടെത്തി. തലക്ക് പിന്നിലും വയറിലും ആഴത്തിൽ മുറിവ് ഉണ്ട്. ചെറിയ പെല്ലെറ്റ് ആണ് ശരീരത്തിനുള്ളിൽ നിന്ന് ലഭിച്ചത്. എയർ ഗൺ ആകാം വെടിവെയ്ക്കാൻ ഉപയോഗിച്ചത് എന്നാണ് പോലീസ് നിഗമനം. വിദഗ്ദ പരിശോധനക്ക് ശേഷമേ ഇക്കാര്യം വ്യക്തമാകൂ.
എംഡിഎംഎ കേസിൽ പ്രതിയായ റിദാൻ ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ജാമ്യത്തിൽ കഴിഞ്ഞ ആഴ്ച ആണ് പുറത്തിറങ്ങിയത്. കൊണ്ടോട്ടി പോലീസ് ആയിരുന്നു ഇയാളെ രാസലഹരി കടത്ത് കേസിൽ പിടികൂടിയത്. ലഹരികടത്തുമായി ബന്ധപ്പെട്ട സംഘങ്ങളാണ് റിദാന്‍റെ കൊലക്ക് പിന്നിൽ എന്നാണ് സംശയിക്കുന്നത്. സ്വർണ കടത്തുമായി റിദാന് ബന്ധം ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംശയം ഉള്ള ചിലരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആണ് അന്വേഷണം പുരോഗമിക്കുന്നത്.
Also Read – മലപ്പുറം എടവണ്ണയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ശനിയാഴ്ച രാവിലെ എടവണ്ണ ചെമ്പക്കുത്ത് മലയുടെ മുകളിൽ നിന്ന് ആണ് റിദാന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ എത്താത്തത് കാരണം വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോളാണ് ചെമ്പക്കുത്ത് മലമുകളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചു . തുടർന്ന് രാത്രി 10 മണിയോടെ എടവണ്ണ ടൗൺ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malappuram, Malappuram crime, Murder case