ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ഇന്ത്യൻ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി
- Published by:Sneha Reghu
- news18-malayalam
Last Updated:
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്നാണ് നീരജ് ചോപ്രയ്ക്ക് പദവി കൈമാറിയത്
ന്യൂഡൽഹി: ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. കായികമേഖലയിൽ രാജ്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ടെറിട്ടോറിയൽ ആർമിയിൽ താരത്തിന് ഈ ബഹുമതി നൽകിയത്. ഏപ്രിൽ 16 മുതലാണ് നിയമനം പ്രാബല്യത്തിൽ വന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്നാണ് നീരജ് ചോപ്രയ്ക്ക് പദവി കൈമാറിയത്.
നീരജ് ചോപ്രയുടെ കായിക നേട്ടങ്ങൾ ശ്രദ്ധേയമാണ്. 2016-ൽ നായിക് സുബേദാർ റാങ്കിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറായി ഇന്ത്യൻ ആർമിയിൽ നിയമിതനായ അദ്ദേഹം, 2024-ൽ സുബേദാർ മേജറായി സ്ഥാനക്കയറ്റം നേടി. 2020 ടോക്യോ ഒളിമ്പിക്‌സിൽ ജാവലിനിൽ ഇന്ത്യക്കായി ചരിത്ര സ്വർണം നേടിയ അദ്ദേഹം, 2024 പാരീസ് ഒളിമ്പിക്സിൽ വെള്ളി മെഡലും നേടി. ഒളിമ്പിക്‌സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ്. 2023-ലെ ലോകചാമ്പ്യൻഷിപ്പിൽ ജേതാവുമായിരുന്നു. 2018-ൽ അർജുന അവാർഡ്, 2021-ൽ ഖേൽ രത്‌ന, 2022-ൽ പദ്മശ്രീ, 2022 ജനുവരിയിൽ രജ്പുത്താന റൈഫിൾസിന്റെ പരം വിശിഷ്ട് സേവാ മെഡൽ എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
advertisement
അതേസമയം, അടുത്തിടെ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 84.03 മീറ്റർ ദൂരത്തോടെ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത നീരജ് ചോപ്രയ്ക്ക് ലോക കിരീടം നിലനിർത്താൻ സാധിച്ചിരുന്നില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
October 22, 2025 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ഇന്ത്യൻ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി