HOME » NEWS » Crime » MAN ARRESTED FOR COMMENTING AFTER CHILDREN OF POLICEMEN SHOULD BE KILLED IN SOCIAL MEDIA

'പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണം'; വിവാദ കമന്‍റിട്ട യുവാവ് അറസ്റ്റിൽ

'പൊലീസിനെ ഒന്നും ചെയ്യരുത്. അവന്‍റെ മക്കള്‍ പുറത്തിറങ്ങും, വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചു പറിയ്ക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക, അല്ലാതെ വഴിയില്ല'- പ്രജിലേഷിന്‍റെ വിവാദ കമന്‍റ്

News18 Malayalam | news18-malayalam
Updated: April 25, 2021, 11:06 PM IST
'പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണം'; വിവാദ കമന്‍റിട്ട യുവാവ് അറസ്റ്റിൽ
comment-against-police
  • Share this:
കോഴിക്കോട്: പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് പരസ്യമായി ഫേസ്ബുക്കില്‍ കമന്‍റിട്ട യുവാവ് അറസ്റ്റിലായി. പ്രജിലേഷ് പയമ്പ്ര(34) എന്നയാള്‍ക്കെതിരെയാണ് ചേവായൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തത്. ലോക്ഡൗണ്‍ സമയത്ത് പൊലീസ് നടത്തുന്ന പരിശോധനയെക്കുറിച്ചു ഒരാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനടിയിൽ വന്ന കമന്‍റാണ് വിവാദമായത്.

പ്രജിലേഷ് ഇട്ട കമന്‍റ് ഇങ്ങനെ: പൊലീസിനെ ഒന്നും ചെയ്യരുത്. അവന്‍റെ മക്കള്‍ പുറത്തിറങ്ങും, വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചു പറിയ്ക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക, അല്ലാതെ വഴിയില്ല'. ഈ പോസ്റ്റ് വൈറലായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രജിലേഷിനെതിരെ മാത്രമല്ല, ആ കമന്‍റ് ലൈക് ചെയ്ത ഏഴു പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെയും കണ്ടെത്തിയതായും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നുമാണ് സൂചന.

തയ്യല്‍ മൈഷീന്‍ റിപ്പയറിങ് ജോലിക്കാരനാണ് പ്രജിലേഷ്. ഇയാളുടെ കമന്‍റ് വിവാദമായതോടെ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. തുടർന്ന് പ്രജിലേഷിനെ അന്വേഷിച്ച് പൊലീസ് പയമ്പ്രയിലെ വീട്ടിലെത്തിയെങ്കിലും ഇയാൾ ഈ സമയം നേരിട്ട് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസിനെതിരായ ദേഷ്യം കൊണ്ടാണ് കമന്‍റിട്ടതെന്നും, എന്നാൽ ഇത് തന്‍റെ അറിവുകേടായി പരിഗണിച്ച് മാപ്പ് തരണമെന്നും പ്രജിലേഷ് അഭ്യർഥിച്ചു. എന്നാൽ അത് സാധ്യമല്ലെന്നും കേസെടുക്കണമെന്നും പൊലീസ് അറിയിച്ചു. തുടർന്ന് പ്രജിലേഷ് വാവിട്ട് നിലവിളിച്ചത് സ്റ്റേഷനിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ചു.

പൊലീസിനെ ആക്രമിക്കാൻ ആഹ്വാനം നൽകിയതിന് പ്രജിലേഷിനെതിരെ കെ.പി ആക്‌ട്120(ഓ) 117(ഇ), ഐ.പി.സി 153, 189, 506(1) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Also Read- ലിവ്-ഇൻ പങ്കാളിയുടെ ഭർത്താവ് 45കാരനെ കൊലപ്പെടുത്തി

കോവിഡ് വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച സൈബര്‍ പട്രോളിങ്ങിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രജിലേഷിന്‍റെ കമന്റ് ശ്രദ്ധയില്‍പെട്ടത്. സൈബര്‍ വിങ് വിവരം പൊലീസ് മേധാവിയെ ധരിപ്പിക്കുകയും പൊലീസ് മേധാവി കേസെടുത്ത് അന്വേഷണം നടത്താനും നിര്‍ദ്ദേശിക്കുകയായിരുന്നു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണര്‍ ചെവ്വായൂര്‍ പൊലീസിന് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. തുടര്‍ന്നാണ് ഇന്ന് വൈകുന്നേരത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചെവ്വായൂര്‍ സിഐ സി.വിജയകുമാരന്‍, എസ്‌ഐമാരായ രഘു, സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പൊലീസിനെതിരെ ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. പോസ്റ്റുകള്‍ ശ്രദ്ധയില്‍പെട്ടതിന് ശേഷം അവ നീക്കം ചെയ്താലും വീണ്ടെടുക്കാനുള്ള എല്ലാ സൗകര്യങ്ങളും നിലവിലുണ്ട്. അതിനാല്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് മുതിരാതിരിക്കുക എന്നും അദ്ദേഹം പറഞ്ഞു.
Published by: Anuraj GR
First published: April 25, 2021, 11:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories