ഗുജറാത്തിൽ ഏഴ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച 32-കാരന് 40 ദിവസത്തിനകം വധശിക്ഷ
- Published by:Sarika N
- news18-malayalam
Last Updated:
സ്ത്രീപീഡകർക്ക് ഇതൊരു ശക്തമായ സന്ദേശമാണെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഹർഷ സംഘവി പ്രതികരിച്ചു
ഗുജറാത്ത്: രാജ്‌കോട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇരുമ്പുവടികൊണ്ട് അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ. മധ്യപ്രദേശ് സ്വദേശിയായ 32-കാരനെയാണ് രാജ്‌കോട്ട് വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കുറ്റം നടന്ന് 40 ദിവസത്തിനുള്ളിൽ വിധി പുറപ്പെടുവിച്ചു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. സ്ത്രീപീഡകർക്ക് ഇതൊരു ശക്തമായ സന്ദേശമാണെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഹർഷ സംഘവി പ്രതികരിച്ചു.
2025 ഡിസംബർ 4-നാണ് പെൺകുട്ടി പീഡനത്തിനു ഇരയായത്. ഡിസംബർ 9-ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഡിസംബർ 19-ന് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അതിക്രമത്തിന് ഇരയായ പെൺകുട്ടിയും കൂടെ കളിച്ചുകൊണ്ടിരുന്ന കുട്ടികളും കോടതിയിൽ നൽകിയ മൊഴികൾ പ്രതിക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായകമായി. പെൺകുട്ടിക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
എഎസ്പി സിമ്രാൻ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘം 12 ദിവസത്തിനുള്ളിൽ ശാസ്ത്രീയ തെളിവുകൾ സഹിതം കുറ്റപത്രം സമർപ്പിച്ചു. രക്തം പുരണ്ട ഇരുമ്പുവടിയും സംഭവസ്ഥലത്തുനിന്ന് ലഭിച്ച മുടിയിഴകളും പ്രതിയെ തിരിച്ചറിഞ്ഞതുമെല്ലാം കേസിൽ പ്രധാന തെളിവുകളായി. "നമ്മുടെ മക്കളെ ആക്രമിക്കുന്നവർക്ക് മരണം" എന്നതാണ് സർക്കാർ നയമെന്ന് ഹർഷ സംഘവി എക്സിലൂടെ വ്യക്തമാക്കി.
advertisement
അതേസമയം, കേസുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ബലാത്സംഗത്തിനുള്ള പ്രധാന കേസിന് പുറമെ, അറസ്റ്റിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ വെടിവെച്ചതിനും (ആത്മരക്ഷാർത്ഥം), പെൺകുട്ടിയുടെ പേര് വിവരങ്ങൾ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയ രാഷ്ട്രീയ നേതാവിനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.
Location :
Gujarat
First Published :
Jan 18, 2026 11:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഗുജറാത്തിൽ ഏഴ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച 32-കാരന് 40 ദിവസത്തിനകം വധശിക്ഷ










