ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കാറിൽ ലിഫ്റ്റ് കൊടുത്ത് തീകൊളുത്തി കൊന്നു; കാമുകിക്ക് അയച്ച മെസ്സേജ് കുരുക്കായി
- Published by:meera_57
- news18-malayalam
Last Updated:
ബാങ്ക് റിക്കവറി ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ഗണേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് പോലീസിന് മനസ്സിലായി
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി മറ്റൊരാളെ തീകൊളുത്തി കൊലപ്പെടുത്തിയയാള്‍ ഒടുവില്‍ പിടിയില്‍. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. ലാത്തൂരിലെ ഔസ താലൂക്കില്‍ ഞായറാഴ്ച പുലര്‍ച്ചെ പൂര്‍ണ്ണമായും കത്തിനശിച്ച കാറില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
കാറിന്റെ ഉടമയെ കണ്ടെത്തിയ പോലീസ് അയാള്‍ വാഹനം തന്റെ ബന്ധുവായ ഗണേഷ് ചവാന് കൊടുത്തതായി മനസ്സിലാക്കി. ബാങ്ക് റിക്കവറി ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ഗണേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് പോലീസിന് മനസ്സിലായി. അദ്ദേഹത്തിന്റെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ കത്തിയ കാറില്‍ നിന്നും കിട്ടിയ മൃതദേഹം ഗണേഷിന്റേതാകാമെന്ന നിഗമനത്തില്‍ പോലീസെത്തി.
പ്രാഥമിക അന്വേഷണത്തില്‍ മരിച്ചയാള്‍ ഗണേഷ് ചവാന്‍ ആണെന്നായിരുന്നു അനുമാനമെന്ന് ലാത്തൂര്‍ പോലീസ് സൂപ്രണ്ട് (എസ്പി) അമോല്‍ താംബെ പറഞ്ഞു. എന്നാല്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസിന് മനസ്സിലായി. ഇതോടെ അവര്‍ ചവാനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു തുടങ്ങി. അയാള്‍ക്ക് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി.
advertisement
അവരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ യഥാര്‍ത്ഥ ചിത്രം തെളിഞ്ഞത്. സംഭവത്തിനു ശേഷം മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്നും ചവാന്‍ ഈ സ്ത്രീക്ക് സന്ദേശം അയയ്ക്കുകയും അവരുമായി ചാറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ കൊല്ലപ്പെട്ടത് ഗണേഷ് ചവാന്‍ അല്ലെന്ന് തെളിയുകയായിരുന്നു.
തുടര്‍ന്ന് കാറില്‍ നിന്ന് കിട്ടിയ മൃതദേഹം ആരുടെതാണെന്ന അന്വേഷണത്തിലേക്ക് പോലീസ് തിരിഞ്ഞു. ഗണേഷ് ചവാന്റെ ഫോണ്‍ ട്രാക്ക് ചെയ്ത് അയാള്‍ വിജയദുര്‍ഗില്‍ ഉണ്ടെന്ന് കണ്ടെത്തുകയും അയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ചവാനെ ചോദ്യം ചെയ്തതോടെ ഇന്‍ഷുറന്‍സ് തുക തട്ടാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘത്തോട് അയാള്‍ പറഞ്ഞു.
advertisement
ഒരു കോടി രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുണ്ടെന്നും വീട്ടുവായ്പ തിരിച്ചടയ്ക്കാന്‍ പണം ആവശ്യമുണ്ടായിരുന്നുവെന്നും ചവാന്‍ വെളിപ്പെടുത്തി. ഇതിനായി പണം കണ്ടെത്താന്‍ താൻ മരണപ്പെട്ടെന്ന് വരുത്തിതീർക്കുകയായിരുന്നുവെന്നും ചവാന്‍ പോലീസിനോട് പറഞ്ഞു.
പദ്ധതി അനുസരിച്ച് ശനിയാഴ്ച ഔസയിലെ തുല്‍ജാപൂര്‍ ടി-ജംഗ്ഷനില്‍ നിന്ന് ഗോവിന്ദ് യാദവ് എന്നയാള്‍ക്ക് ചവാന്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. യാദവ് മദ്യപിച്ചിരുന്നതായും ചവാന്‍ ഇത് അവസരമാക്കിയതായും പോലീസ് പറയുന്നു. തുടര്‍ന്ന് ഭക്ഷണം കഴിക്കാനായി കാര്‍ നിര്‍ത്തി. യാദവ് ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ ശേഷം കാറില്‍ കിടന്ന് ഉറങ്ങിപോയി. തുടര്‍ന്ന് ചവാന്‍ അയാളെ ഡ്രൈവര്‍ സീറ്റിലേക്ക് വലിച്ചിരുത്തി സീറ്റ് ബെല്‍റ്റ് ഇട്ടു. ശേഷം കാറിന് തീകൊളുത്തുകയായിരുന്നുവെന്നും പോലീസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
advertisement
പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ചവാനാണ് മരിച്ചതെന്ന് കുടുംബത്തെ ബോധ്യപ്പെടുത്താനും അയാള്‍ ഉപയോഗിച്ചിരുന്ന ബ്രേസ്ലെറ്റും മൃതദേഹത്തിന് സമീപം ഉപേക്ഷിച്ചു. സംഭവത്തില്‍ ചവാന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എസ്പി താംബെ പറഞ്ഞു.
Location :
Thiruvananthapuram,Kerala
First Published :
December 16, 2025 10:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കാറിൽ ലിഫ്റ്റ് കൊടുത്ത് തീകൊളുത്തി കൊന്നു; കാമുകിക്ക് അയച്ച മെസ്സേജ് കുരുക്കായി







