പ്രണയബന്ധം വീട്ടുകാർ എതിർത്തു; വയോധികയെ കൊന്ന് മൃതദേഹം കാമുകിയുടേതെന്ന് വരുത്തി തീർക്കാൻ ശ്രമം; കമിതാക്കൾ പിടിയിൽ
- Published by:Sarika KP
- news18-malayalam
Last Updated:
ബന്ധുവായ യുവതിയുമായി വിദേശത്തേക്ക് ഒളിച്ചോടാനായി 87 കാരിയായ വയോധികയെ യുവാവ് കൊലപ്പെടുത്തി.
ബന്ധുവായ യുവതിയുമായി വിദേശത്തേക്ക് ഒളിച്ചോടാനായി 87 കാരിയായ വയോധികയെ യുവാവ് കൊലപ്പെടുത്തി. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭചൗ നഗരത്തിലാണ് സംഭവം. മരിച്ചത് കാമുകിയാണെന്ന് വരുത്തി തീർക്കാൻ ആയിരുന്നു 21കാരനായ രാജു ചംഗ എന്ന യുവാവിന്റെ ശ്രമം. ഇതിനായി കാമുകിയുടെ അതേ ഉയരവും രൂപസാദൃശ്യവും ഉള്ള സ്ത്രീയെ കണ്ടെത്താനുള്ള തിരച്ചില്‍ ആണ് ഒടുവിൽ 87 കാരിയായ ജെതി ഗാലയിലേയ്ക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും അകന്ന ബന്ധുക്കളായതിനാൽ വീട്ടുകാർ ഇവരുടെ ബന്ധം അംഗീകരിച്ചിരുന്നില്ല. തുടർന്ന് കാമുകി മരണപ്പെട്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ഇരുവരും ചേർന്ന് വിദേശത്തേക്ക് കടക്കാനായിരുന്നു പദ്ധതി. അതേസമയം കൊല്ലപ്പെട്ട വയോധിക വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവരുടെ രണ്ട് ആൺമക്കളും മുംബൈയിലാണ്. നവംബർ മൂന്നിന് പുലർച്ചെ ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം നീല നിറത്തിലുള്ള ഒരു ട്രോളി ബാഗിൽ പൊതിഞ്ഞ് പിതാവിന്റെ കടയിൽ ഒളിപ്പിച്ചതായി ഇരുവരും കുറ്റസമ്മതം നടത്തി.
advertisement
ഭചൗ ടൗണിലെ വിശാൽ കോംപ്ലക്‌സിൽ ഉള്ള കടയിൽ ആണ് വയോധികയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. ” പ്രതിയും കാമുകി രാധികയും ഒരേ സമുദായത്തിൽപ്പെട്ടവരും അകന്ന ബന്ധുക്കളുമാണ്. എന്നാൽ ഇവരുടെയും ബന്ധം കുടുംബം അംഗീകരിച്ചിരുന്നില്ല. അതിനാൽ ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചു. എന്നാൽ അവർ പിടിക്കപ്പെടുമെന്ന് ഭയന്ന്, വിദേശത്തേക്ക് കടക്കുന്നതിന് മുമ്പ് രാധിക മരിച്ചതായി വരുത്തി തീർക്കാൻ ആയിരുന്നു യുവാവിന്റെ ശ്രമമെന്ന് കച്ച് (ഈസ്റ്റ്) പോലീസ് സൂപ്രണ്ട് സാഗർ ബാഗ്‌മർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി 87കാരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിക്കാനും രാധിക മരിച്ചു എന്ന് പോലീസിൽ അറിയിക്കാനും ആയിരുന്നു ഇവരുടെ ലക്ഷ്യം
advertisement
അതേസമയം നവംബർ മൂന്നിന് രാവിലെ ഗാലയുടെ അയൽവാസിയാണ് ഇവരെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. എന്നാൽ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കവർച്ചയോ മോഷണശ്രമമോ മറ്റൊന്നും നടന്നതായി കണ്ടെത്താനായില്ല. പിന്നീട് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഗാലയുടെ വീട്ടിൽ നിന്ന് ഒരാൾ മുഖം മറച്ച് ട്രോളി ബാഗ് വലിച്ച് പുറത്തേക്ക് വരുന്ന നിർണായക തെളിവ് പോലീസിന് ലഭിച്ചത്.
തുടർന്നുള്ള അന്വേഷണത്തിൽ വിശാൽ കോംപ്ലക്‌സിലെ പ്രതിയുടെ പിതാവിന്റെ അടച്ചിട്ടിരിക്കുന്ന കടയിൽ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നതായി കണ്ടെന്ന് ബചൗ പോലീസ് ഇൻസ്‌പെക്ടർ എസ്‌ജി ഖംബ്‌ലയ്ക്ക് വിവരം ലഭിച്ചു. പോലീസ് കടയിലെത്തി കടയുടെ താക്കോൽ ചോദിച്ചപ്പോൾ മകന്റെ കൈയിൽ ആണെന്നാണ് പിതാവ് ഗണേഷ് പോലീസിനോട് പറഞ്ഞത്. തുടർന്ന് പോലീസ് പൂട്ട് തകർത്ത് കട പരിശോധിച്ചപ്പോഴാണ് ട്രോളി ബാഗിനുള്ളിൽ ഗാലയുടെ മൃതദേഹം കണ്ടെത്തിയത്.
Location :
Gujarat
First Published :
November 08, 2023 8:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയബന്ധം വീട്ടുകാർ എതിർത്തു; വയോധികയെ കൊന്ന് മൃതദേഹം കാമുകിയുടേതെന്ന് വരുത്തി തീർക്കാൻ ശ്രമം; കമിതാക്കൾ പിടിയിൽ