മൊബൈലിൽ ബ്ലോക്ക് ചെയ്തതിന് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ഓടി രക്ഷപ്പെട്ട് യുവതി
- Published by:Rajesh V
- news18-malayalam
Last Updated:
സ്കൂട്ടറിലെത്തിയ യുവതിയെ ബൈക്കിൽ വന്ന പ്രതി തടഞ്ഞു നിർത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. യുവതി സമീപത്തെ കടയിൽ ഓടിക്കയറിയതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്
ആലുവയിൽ യുവതിയെ കാമുകൻ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. പെട്രോൾ ദേഹത്ത് ഒഴിച്ചെങ്കിലും തീകൊളുത്തുന്നതിന് മുൻപ് യുവതിക്ക് രക്ഷപ്പെടാൻ കഴിഞ്ഞു. ചൂണ്ടി സ്വദേശിക്ക് നേരെ അക്രമണം നടത്തിയത് മുപ്പത്തടം സ്വദേശി അലിയെന്ന യുവാവാണ്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് അലി യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചത്.
ആലുവ ചൂണ്ടി സ്വദേശിനിക്കെതിരെയാണ് ആക്രമണമുണ്ടായത്. യു സി കോളേജിന് സമീപം കച്ചേരി കടവ് റോഡിൽ വച്ചാണ് സംഭവം. ആലുവയിൽ സ്കൂട്ടറിലെത്തിയ യുവതിയെ ബൈക്കിൽ വന്ന പ്രതി തടഞ്ഞു നിർത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. യുവതി സമീപത്തെ കടയിൽ ഓടിക്കയറിയതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. തുടർന്ന് യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. യുവതിയെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.
advertisement
സംഭവത്തിൽ യുവതിയുടെ സുഹൃത്ത് മുപ്പത്തടം സ്വദേശി അലിയെ വൈകിട്ടോടെ ആലുവ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. അലിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തന്നെ മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യവും വീട്ടിൽ വരരുതെന്ന് ആവശ്യപ്പെട്ടതുമാണ് ആക്രമിക്കാൻ കാരണമെന്നാണ് അലി പൊലീസിനോട് പറഞ്ഞത്. അതേസമയം അലി കുടുംബ സുഹൃത്താണെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി.യുവതി വിവാഹിതയാണ്.
Location :
Aluva,Ernakulam,Kerala
First Published :
February 11, 2025 7:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൊബൈലിൽ ബ്ലോക്ക് ചെയ്തതിന് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ഓടി രക്ഷപ്പെട്ട് യുവതി