Death | മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; മധ്യവയസ്‌കന്‍ മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിക്കുമ്പോഴേക്കും ചന്ദ്രന്‍ അവശനിലയിലായിരുന്നു.
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രന്‍(50) ആണ് മരിച്ചത്. മോഷണ കുറ്റം ആരോപിച്ച് കഴിഞ്ഞമാസം 28 ന് ചന്ദ്രനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. ചിറയിന്‍കീഴ് പെരുങ്കുഴിക്ക് സമീപത്തെ ഒരു വീട്ടില്‍ നിന്ന് പാത്രങ്ങള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
പൊലീസ് സ്ഥലത്തെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിക്കുമ്പോഴേക്കും ചന്ദ്രന്‍ അവശനിലയിലായിരുന്നു. പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാല്‍ മോഷണ കുറ്റത്തിന് ചന്ദ്രനെതിരെ പൊലീസ് കേസ് എടുത്തിരുന്നില്ല. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് എതിരെ ചന്ദ്രനും പരാതി നല്‍കിയിരുന്നില്ല.
ഇതിന് ശേഷം വേങ്ങോട്ടുള്ള സഹോദരിയുടെ വീട്ടിലേക്കാണ് ചന്ദ്രന്‍ പോയത്. ഇവിടെ വെച്ച് ശരീരവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ എത്രയും വേഗം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ ഇവിടെനിന്ന് മരുന്ന് വാങ്ങിയ ശേഷം തിരികെ വീട്ടിലേക്കാണ് പോയത്.
advertisement
അടുത്തദിവസം ചന്ദ്രന്റെ ആരോഗ്യസ്ഥിതി വീണ്ടും മോശമായതോടെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ കുടലിന് ക്ഷതമേറ്റതായും അണുബാധ ഉള്ളതായും കണ്ടെത്തി. അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ചന്ദ്രന്‍ മരണപ്പെട്ടു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാകു.
Location :
First Published :
June 12, 2022 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Death | മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; മധ്യവയസ്‌കന്‍ മരിച്ചു


