1000ലേറെ കാർ മോഷണം; ആൾമാറാട്ടം നടത്തി ജഡ്ജിയായി 2000ലധികം കുറ്റവാളികളെ മോചിപ്പിച്ച 'ഇന്ത്യയുടെ ചാൾസ് ശോഭ് രാജ്' പിടിയിൽ
- Published by:Anuraj GR
- trending desk
Last Updated:
ആറ് പതിറ്റാണ്ടോളമായി മോഷണം, ആൾമാറാട്ടം തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ നടത്തിവരുന്ന ഇയാളെ പല തവണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
ഇന്ത്യയിലെ സൂപ്പർ നട്വർലാൽ, ഇന്ത്യയുടെ ചാൾസ് ശോഭ് രാജ് എന്നീ പേരുകളിൽ കുപ്രസിദ്ധി നേടിയ ധനി റാം മിത്തൽ വീണ്ടും പോലീസ് പിടിയിൽ. ഷാലിമാർ ഭാഗിൽ നിന്നും മോഷ്ടിച്ച കാർ വിൽക്കാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ചയാണ് ഡൽഹിയിലെ പശ്ചിമ വിഹാറിൽ വച്ച് മിത്തലിനെ പോലീസ് പിടികൂടിയത്. ആറ് പതിറ്റാണ്ടോളമായി മോഷണം, ആൾമാറാട്ടം തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ നടത്തിവരുന്ന മിത്തലിനെ പല തവണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ബുദ്ധിമാനായ കുറ്റവാളിയായി ഇതിനോടകം തന്നെ മിത്തൽ കുപ്രസിദ്ധി നേടിയിട്ടുണ്ട്. നിയമത്തിൽ ഏറെ പ്രവീണ്യമുള്ള മിത്തൽ ഒരു നിയമ ബിരുദധാരിയാണ് എന്ന അഭ്യൂഹവും നില നിൽക്കുന്നുണ്ട്. കൂടാതെ കയ്യെഴുത്ത് വിദ്യയിലും, ഗ്രാഫോളജിസ്റ്റായുമെല്ലാം മിത്തൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
പ്രധാനമായും ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലായിരുന്നു മിത്തലിന്റെ കുറ്റകൃത്യങ്ങളുടെ മേഖല. ഏതാണ്ട് 1000 ലധികം കാറുകൾ മോഷ്ടിച്ച മിത്തൽ ആൾമാറാട്ടം നടത്തി ജഡ്ജിയാവുകയും പല കേസുകളിലായി 2000 കുറ്റവാളികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു. വ്യാജ രേഖകളുണ്ടാക്കി ജജ്ജാർ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജിയെ രണ്ട് മാസക്കാലത്തെ അവധിക്ക് അയച്ച ശേഷം ജഡ്ജിയായി എത്തിയ മിത്തൽ 2000 കുറ്റവാളികളെ വരെ മോചിപ്പിച്ചിരുന്നു. ഇക്കാലയളവിൽ സ്വന്തം കേസിൽ വരെ മിത്തൽ വിധി പറഞ്ഞുവെന്നും പറയപ്പെടുന്നു. സംഭവത്തിലെ യാഥാർഥ്യം ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞപ്പോഴേക്കും മിത്തൽ ഒളിവിൽ പോയിരുന്നു. മിത്തൽ മോചിപ്പിച്ച പ്രതികളെ പോലീസ് വീണ്ടും പിടികൂടി ജയിലിൽ അടച്ചു. 1968 മുതൽ 1974 വരെയുള്ള കാലയളവിൽ വ്യാജ രേഖകൾ ഉപയോഗിച്ച് സ്റ്റേഷൻ മാസ്റ്ററായും മിത്തൽ ജോലി ചെയ്തിട്ടുണ്ട്.
advertisement
കഴിഞ്ഞ മാർച്ചിലായിരുന്നു മിത്തലിനെ പോലീസ് അവസാനമായി അറസ്റ്റ് ചെയ്തത്. മെയ് നാലിന് ജയിൽ മോചിതനായ മിത്തലിന്റെ രണ്ടാമത്തെ കാർ മോഷണത്തിലാണ് ഇപ്പോൾ പിടിവീണിരിക്കുന്നത്. മോഷണം തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത പഴയ കാറുകൾ മോഷ്ടിക്കാൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ മിത്തൽ പറഞ്ഞതായി പോലീസ് അറിയിച്ചു.
Location :
New Delhi,New Delhi,Delhi
First Published :
February 22, 2024 9:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
1000ലേറെ കാർ മോഷണം; ആൾമാറാട്ടം നടത്തി ജഡ്ജിയായി 2000ലധികം കുറ്റവാളികളെ മോചിപ്പിച്ച 'ഇന്ത്യയുടെ ചാൾസ് ശോഭ് രാജ്' പിടിയിൽ