'മോളേ നീ എനിക്ക് വല്ല വിഷവും കലക്കിത്തന്നോ?' മകളോട് അവശയായ രുഗ്മിണിയുടെ അവസാന ചോദ്യം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
'മരണക്കിടക്കയിലാണ്. അതോര്‍ത്ത് സംസാരിച്ചോ' എന്നായിരുന്നു ഇന്ദുലേഖ നൽകിയ മറുപടി
തൃശൂർ: സാമ്പിത്തിക ബാധ്യത തീർക്കുന്നതിനായി സ്വത്ത് തട്ടിയെടുക്കുന്നതിന് കൃത്യമായ ആസൂത്രണത്തോടെയാണ് ഇന്ദുലേഖ അമ്മ രുഗ്മിണിയെ കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 18നാണ് കുന്നംകുളം കീഴൂർ സ്വദേശി രുഗ്മണിയെ ഛർദി കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ തന്നെ വിഷാംശം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍ പറഞ്ഞു. വിദഗ്ധ ചികില്‍സയ്ക്കായി തൃശൂര്‍ ജൂബിലി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വിഷാംശം ഉള്ളിൽ ചെന്നതായി ഡോക്ടർമാർ ആവർത്തിച്ചു.
'മോളേ നീ വല്ല വിഷവും എനിക്ക് കലക്കിത്തന്നോ'എന്നായിരുന്നു മരണക്കിടക്കയില്‍ അവശയായ രുഗ്മിണി ഇന്ദുലേഖയോട് ചോദിച്ചത്. 'മരണക്കിടക്കയിലാണ്. അതോര്‍ത്ത് സംസാരിച്ചോ' എന്നായിരുന്നു ഇന്ദുലേഖ നൽകിയ മറുപടി. ഇതെല്ലാം കേട്ട് രുഗ്മിണിയുടെ ഭര്‍ത്താവ് ചന്ദ്രന്‍ അടുത്തുണ്ടായിരുന്നു. മകളുടെ ഈ വാക്കുകള്‍ ചന്ദ്രന്‍ പൊലീസിനോട് പറയുകയും ചെയ്തു.
തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രുഗ്മണി മരിച്ചത്. കിഴൂരിൽ 13.5 സെന്റ് സ്ഥലവും വീടുമാണ് ഇവർക്കുണ്ടായിരുന്നത്. മാതാപിതാക്കളുടെ കാലശേഷം ഇത് ഇന്ദുലേഖയ്ക്ക് എഴുതിവെച്ചിരുന്നു. മകൾക്ക് എട്ട് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. സ്ഥലം പണയം വെച്ച് തുക കണ്ടെത്തുന്നതിന് രുഗ്മിണി സമ്മതിച്ചില്ലായിരുന്നു.
advertisement
ഇന്ദുലേഖയുടെ മകന്റെ കീശയിൽ എലിവിഷം കണ്ടതായി അച്ഛൻ മൊഴി നൽകി. വിഷ പായ്ക്കറ്റ് കളയാൻ അമ്മ മകനെ ഏൽപിച്ചിരുന്നു. മകനാകട്ടെ ഇത് മുത്തച്ഛനോട് പറഞ്ഞു. ഇതോടെ പൊലീസിന് സംശയമേറി. എന്തിനാണ് എലിവിഷം കളയാന്‍ മകനെ ഏല്‍പിച്ചതെന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍, അത് വീട്ടില്‍ എലിശല്യമുള്ളതിനാൽ കളയാനാണെന്നായിരുന്നു ഇന്ദുലേഖയുടെ മറുപടി. ബാക്കി എലിവിഷം മകന്‍ വീട്ടില്‍ വെച്ചിരുന്നു. ഇതു പിന്നീട് പൊലീസിന്‍റെ തെളിവെടുപ്പില്‍ കണ്ടെത്തി.
ഒരു മാസം മുമ്പ് അച്ഛനെ ഇതേ രീതിയിൽ കൊലപ്പെടുത്താനും ഇന്ദുലേഖ ശ്രമിച്ചിരുന്നു. പാറ്റയെയും ഉറുമ്പിനെയും തുരത്താന്‍ ഉപയോഗിക്കുന്ന വെള്ള നിറത്തിലുള്ള ‘ചോക്ക്’ നഖം കൊണ്ട് ചുരണ്ടി ചായയിൽ കലർത്തി അച്ഛന് നൽകി. ചായയുടെ രുചി മോശമായതിനാൽ അന്ന് അച്ഛൻ അത് കഴിച്ചിരുന്നില്ല. ഭർത്താവിനും അച്ഛനും ചായയിൽ സോപ്പുലായനി കലർത്തി നൽകിയതായും മൊഴി നൽകിയിട്ടുണ്ട്. കൃത്രിമമായി ഭക്ഷ്യവിഷബാധയുണ്ടാക്കാനായിരുന്നു ശ്രമം.
advertisement
ഒരു മാസമായി പനിയുടെ ഗുളികകൾ ഭക്ഷണത്തിൽ കലർത്തി അമ്മയ്ക്കും അച്ഛനും ഇന്ദുലേഖ നൽകിയിരുന്നു. കറിയിൽ ചേർത്താണ് ഇവ നൽകിയിരുന്നത്. കരൾരോഗ ബാധിതരാക്കി ആർക്കും സംശയമില്ലാത്ത രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇന്ദുലേഖയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് വിഷത്തെക്കുറിച്ച് അന്വേഷിച്ചതിന്റെ തെളിവുകൾ ലഭിച്ചത്.
മാരകമായ വിഷം ഏത്? ഇത് ഉള്ളിൽ ചെന്നാൽ ലക്ഷണം ഏത്? എന്നിങ്ങനെയുള്ള സെർച്ചുകൾ എന്തിനാണെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് മുമ്പിൽ ഇന്ദുലേഖ പതറി. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ ഇന്ദുലേഖ കുറ്റം സമ്മതിച്ചു. അമ്മയ്ക്ക് ശേഷം അച്ഛനെ കൊലപ്പെടുത്തിയോ, ശാരീരികമായി അവശനിലയിലാക്കിയോ സ്വത്ത് കൈവശപ്പെടുത്താനാണ് ലക്ഷ്യമാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് ഇന്ദുലേഖയ്ക്കുള്ളത്.
Location :
First Published :
August 26, 2022 10:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'മോളേ നീ എനിക്ക് വല്ല വിഷവും കലക്കിത്തന്നോ?' മകളോട് അവശയായ രുഗ്മിണിയുടെ അവസാന ചോദ്യം