പത്തനംതിട്ടയിൽ പഴയ പൊലീസ് സ്റ്റേഷൻ 'ചാരായ ഗോഡൗൺ' ആയി; കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടിച്ചു
- Published by:ASHLI
- news18-malayalam
Last Updated:
രാത്രികാലത്ത് കെട്ടിടത്തിനടുത്ത് ആളനക്കം കണ്ട് സംശയം തോന്നിയവരാണു വിവരം എക്സൈസ് അധികൃതരെ അറിയിച്ചത്
പത്തനംതിട്ടയിൽ മുമ്പ് പൊലീസ് സ്റ്റേഷൻ ഏറെക്കാലം പ്രവർത്തിച്ച കെട്ടിടത്തിൽ നിന്ന് ചാരായം വാറ്റാനുള്ള കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. സീതത്തോട് ആങ്ങമൂഴി കൊച്ചാണ്ടിയിലെ കെട്ടിടത്തിൽ നിന്ന് 595 ലീറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പാചക വാതക സിലിണ്ടറുമാണു പിടികൂടിയത്.
ഈ കെട്ടിടത്തിലാണ് മൂഴിയാർ പൊലീസ് സ്റ്റേഷൻ ഏറെക്കാലം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ കെട്ടിടത്തിൽ ആൾത്താമസമില്ല. പുറമേ നിന്ന് നോക്കിയാൽ സംശയവും തോന്നില്ല. രാത്രികാലത്ത് കെട്ടിടത്തിനടുത്ത് ആളനക്കം കണ്ട് സംശയം തോന്നിയവരാണു വിവരം എക്സൈസ് അധികൃതരെ അറിയിച്ചത്. 26 കന്നാസിലും കലത്തിലുമായാണ് കോട സൂക്ഷിച്ചിരുന്നത്.
പ്രദേശം കേന്ദ്രീകരിച്ചു വ്യാപകമായ ചാരായ വിൽപനയും വിദേശമദ്യവിൽപനയും ഉണ്ടെന്നു വ്യാപകമായ പരാതിയുണ്ട്. ജില്ലാ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു പരിശോധന.
advertisement
കൊച്ചാണ്ടി സ്വദേശികളായ പ്രദീപ്, പ്രസന്നൻ എന്നിവർക്കെതിരെ കേസ് എടുത്തു. ഇവർ ഒളിവിലാണ്. അസി.എക്സൈസ് ഇൻസ്പെക്ടർ എസ് മനോജ്, പ്രിവന്റീവ് ഓഫിസർ ബി.എൽ ഗിരീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ രാഹുൽ, എം.കെ അജിത്ത്, കൃഷ്ണകുമാർ, സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് റെയ്‌ഡ് നടത്തിയത്.
Location :
Pathanamthitta,Kerala
First Published :
May 21, 2025 9:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തനംതിട്ടയിൽ പഴയ പൊലീസ് സ്റ്റേഷൻ 'ചാരായ ഗോഡൗൺ' ആയി; കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടിച്ചു