കണ്ണൂര്‍: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനു വേണ്ടി പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി. ഹണ്ട് റെയ്ഡിൽ കണ്ണൂരിൽ നിന്നും കുടുങ്ങിയത് നിരവധി പേർ. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ വഴിയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകതിക്രമങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവരാണ് പൊലീസിന്റെ വലയിലായത്.
പതിനാല് പോലീസ് സ്റ്റേഷന്‍ പരിധികളിലായി ജില്ലാ പോലീസ് സൈബര്‍ സെല്‍ നടത്തിയ പരിശോധനയിൽ 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ ടൗണ്‍ (1) , കൊളവല്ലൂര്‍ (1), മയ്യില്‍ (1), പേരാവൂര്‍ (1), പിണറായി (2), ശ്രീകണ്ഡപുരം (1), തളിപ്പറമ്പ (3), ഉളിക്കല്‍ (1), വളപട്ടണം (1), പാനൂര്‍ (2), ആറളം (1), കണ്ണപുരം (2), പരിയാരം (1), മട്ടന്നൂര്‍ (1) എന്നീ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തൂളിച്ചേരി സ്വദേശി സുജിത് (55) നെ പോക്സോ വകുപ്പുകൾ പ്രകാരം കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ 102 സിആര്‍പിസി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരുന്നു.
പ്രതികളില്‍ നിന്നും വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചതിനും വീഡിയോ ഡൌണ്‍ ലോഡ് ചെയ്തതിനുമുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത്തരം വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും നിരോധിത പോണ്‍ സൈറ്റുകളും സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്തരാഷ്ട്ര തലത്തില്‍ പ്രത്യേക വിഭാഗം ഇന്‍റര്‍പോളിനുണ്ട്. ഇന്‍റര്‍പോളുമായി സഹകരിച്ചാണ് കേരളാ പൊലീസ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ വലയിലാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Operation P Hunt