സുള്ള്യയിലെ യുവമോർച്ചാ നേതാവിന്‍റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് ഓഫീസ് എൻഐഎ അടച്ചുപൂട്ടി
- Published by:Anuraj GR
- news18-malayalam
Last Updated:
സുള്ള്യയിലെ പിഎഫ്‌ഐ ഓഫീസ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതെന്ന വിവരം ലഭിച്ചതോടെയാണ് നടപടി
ബിജെപി യുവമോർച്ച നേതാവ് പ്രവീൺ കുമാർ നെട്ടരുവിന്റെ കൊലപാതകം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിലുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഓഫീസ് റെയ്ഡ് ചെയ്തശേഷം അടച്ചുപൂട്ടി. സുള്ള്യയിലെ പിഎഫ്‌ഐ ഓഫീസ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതെന്ന വിവരം ലഭിച്ചതോടെയാണ് നടപടിയെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. ഗാന്ധിനഗറിലെ ആലെറ്റി റോഡിലെ താഹിറ കോംപ്ലക്‌സിന്റെ ഒന്നാം നിലയിലായിരുന്നു ഓഫീസ്.
ഓഫീസ് എൻഐഎ പിടിച്ചെടുക്കുകയാണെന്നതിന്‍റെ രേഖകൾ വസ്തുവിന്റെ ഉടമ, ജില്ലാ കമ്മീഷണർ, ദക്ഷിണ കന്നഡ ജില്ലയിലെ പോലീസ് സൂപ്രണ്ട് എന്നിവർക്ക് അയച്ചിട്ടുണ്ട്. വസ്തു പാട്ടത്തിനോ വാടകയ്‌ക്കോ നൽകരുതെന്ന് ഉത്തരവിൽ പറയുന്നു. ഏതെങ്കിലും വസ്തുവകകൾ ഓഫീസിൽ നിന്ന് മാറ്റുന്നതിനോ നവീകരണ ജോലികൾ ഏറ്റെടുക്കുന്നതിനോ അനുവാദമില്ലെന്നും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവീൺ കുമാർ നെട്ടറുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ഓഫീസിൽ വെച്ചായിരുന്നുവെന്ന് വൃത്തങ്ങൾ വിശദീകരിച്ചു. ഗൂഢാലോചന നടത്തി മൂന്നാമത്തെ ശ്രമത്തിലാണ് പ്രവീണിനെ അക്രമികൾ വെട്ടിക്കൊന്നത്.
ബെംഗളൂരുവിലെ പ്രത്യേക എൻഐഎ കോടതിയിൽ 20 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. 1500 പേജുകളും 240 സാക്ഷികളുടെ മൊഴികളുമാണ് കുറ്റപത്രത്തിലുള്ളത്.
advertisement
കഴിഞ്ഞ ജൂലൈയിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ബണ്ട്വാൾ ടൗണിന് സമീപമുള്ള മിത്തൂർ ഫ്രീഡം കമ്മ്യൂണിറ്റി ഹാൾ എൻഐഎ ഫെബ്രുവരിയിൽ പിടിച്ചെടുത്തിരുന്നു.
2022 ജൂലൈ 26 ന് സംസ്ഥാനത്ത് ഹിജാബ്, ഹലാൽ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് പ്രവീൺ വെട്ടേറ്റ് മരിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയ്ക്ക് സമീപമുള്ള ബെല്ലാരെയിലാണ് സംഭവം.
നെട്ടാരു വധക്കേസിലെ പ്രതി ഷാഫി ബെല്ലാരെക്ക് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ടിക്കറ്റ് പ്രഖ്യാപിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഷാഫി ഇപ്പോൾ ബെല്ലാരെ ജയിലിലാണ്.
Location :
Mangalore,Dakshina Kannada,Karnataka
First Published :
March 27, 2023 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സുള്ള്യയിലെ യുവമോർച്ചാ നേതാവിന്‍റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് ഓഫീസ് എൻഐഎ അടച്ചുപൂട്ടി