Vedan| ലഹരി ഉപയോഗിച്ചെന്ന് റാപ്പർ വേടൻ സമ്മതിച്ചെന്ന് പൊലീസ്; ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തു; 9 പേർ പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
രാവിലെ പൊലീസ് എത്തുമ്പോള്‍ ഒമ്പതുപേരും മുറിയിൽ വിശ്രമിക്കുകയായിരുന്നു. കുറച്ചു ദിവസമായി വേടനും സംഘവും നിരീക്ഷണത്തിലായിരുന്നു. പിടിയിലായവരെല്ലാം വേടന്‍റെ റാപ്പ് ടീമിൽ ഉള്‍പ്പെട്ടവരാണ്. വേടൻ അടക്കമുള്ള എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്
കൊച്ചി: ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി പൊലീസ്. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും ആരുടെയും കയ്യിൽ നിന്നല്ല പിടികൂടിയതെന്നും തൃപ്പൂണിത്തുറ ഹിൽപാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. ഇവരുടെ വൈദ്യപരിശോധനയടക്കം നടത്തും.
ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തു. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണെന്നും സംഘാംഗങ്ങള്‍ക്ക് നൽകാനുള്ളതാണെന്നുമാണ് വേടൻ പറഞ്ഞതെന്നും എന്നാൽ, ഇത്രയധികം പണം കണ്ടെത്തിയത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലനത്തിന് ഒത്തുകൂടുന്ന ഫ്ലാറ്റാണിത്.
രാവിലെ പൊലീസ് എത്തുമ്പോള്‍ ഒമ്പതുപേരും മുറിയിൽ വിശ്രമിക്കുകയായിരുന്നു. കുറച്ചു ദിവസമായി വേടനും സംഘവും നിരീക്ഷണത്തിലായിരുന്നു. പിടിയിലായവരെല്ലാം വേടന്‍റെ റാപ്പ് ടീമിൽ ഉള്‍പ്പെട്ടവരാണ്. വേടൻ അടക്കമുള്ള എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യ പരിശോധന നടത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യമടക്കം ഇപ്പോള്‍ പറയാനാകില്ലെന്നും സിഐ വ്യക്തമാക്കി.
advertisement
പുതു തലമുറയിലെ പ്രമുഖനായ പാട്ടുകാരനാണ് വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരൺ ദാസ് മുരളി. നായാട്ട് സിനിമക്ക് വേണ്ടി പാട്ട് എഴുതിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സിലും പാട്ട് പാടിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സിലെ വേടന്റെ കുതന്ത്ര തന്ത്രം എന്നു തുടങ്ങുന്ന പാട്ട് ഹിറ്റായിരുന്നു. തൃശൂർ സ്വദേശിയാണ് ഹിരൺ ദാസ് മുരളി. രാസലഹരിക്കെതിരെ നേരത്തേ വേടൻ വേദികളിലും സമൂഹമാധ്യമങ്ങളിലും വലിയ പ്രചാരണം നടത്തിയിരുന്നു. അതേസമയം, വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടികളിൽ നിന്നും വേടന്റെ പരിപാടി ഒഴിവാക്കി.
Location :
Kochi [Cochin],Ernakulam,Kerala
First Published :
April 28, 2025 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Vedan| ലഹരി ഉപയോഗിച്ചെന്ന് റാപ്പർ വേടൻ സമ്മതിച്ചെന്ന് പൊലീസ്; ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തു; 9 പേർ പിടിയിൽ