തിരുവനന്തപുരം: കാട്ടാക്കടയിൽ ഇ പോസ് മെഷീൻ തകരാർ കാരണം സാധനം നൽകാൻ കഴിയാത്തതിന്റെ പേരിൽ റേഷന്‍ കടയുടമയുടെ ഭാര്യയെ മർദിച്ചതായി പരാതി. കാട്ടാക്കട തേവൻകോട് റേഷൻകടയുടമ റെജിയുടെ ഭാര്യ സുനിതയ്ക്കാണ് മർദനമേറ്റത്. റേഷൻ കടയിൽ എത്തിയ ദീപു എന്നയാൾക്കെതിരെയാണ് പരാതി. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
ഇ പോസ് മെഷീൻ തകരാർ കാരണം സാധനം നൽകാനാവില്ലെന്നറിയിച്ചപ്പോൾ മർദിച്ചെന്നാണ് സുനിതയുടെ പരാതി. ജാതീയ അധിക്ഷേപം നടത്തിയതായും സുനിത പറഞ്ഞു. ഇവർ കാട്ടാക്കട ആശുപത്രിയിൽ ചികിത്സ തേടി. മൊഴിയെടുക്കല്‍ പൂർത്തിയാക്കിയ ശേഷം കേസെടുക്കും. അക്രമത്തിൽ പ്രതിഷേധിച്ച് സംയുക്ത റേഷൻ വ്യാപാരി കോർഡിനേഷൻ കമ്മിറ്റി ഇന്ന് കാട്ടാക്കട താലൂക്കിൽ റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. ഇ പോസ് മെഷീൻ കാരണം തർക്കങ്ങളും പ്രശ്നങ്ങളും പതിവാണെന്ന് സിഐടിയു സംഘടനയായ റേഷൻ എംപ്ലോയീസ് യൂണിയൻ ആരോപിച്ചു.
Also Read- തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു
ഫെബ്രുവരി മാസത്തില്‍ സെർവർ തകരാറിലായതോടെ റേഷൻ വിതരണത്തിലെ ഇ പോസ് സംവിധാനം താറുമാറായിരുന്നു. മെഷീനിൽ കൈവിരൽ പതിക്കുന്നത് പരാജയപ്പെടുന്നതാണ് പ്രതിസന്ധിയുണ്ടാക്കിയത്. കടയിലെത്തിയ പലരും സാധനം വാങ്ങാനാവാതെ മടങ്ങേണ്ട അവസ്ഥയുമുണ്ടായിരുന്നു. തിരുവനന്തപുരത്തെ സെർവറിൽ വന്ന തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
നടപടി വേണം: റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സംസ്ഥാന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി രംഗത്ത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് കാട്ടാക്കട താലൂക്കിലെ റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും.
കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിൽ തേവൻകൊട് എ ആർ. ഡി 188 എന്ന റെജിയുടെ ഉടമസ്ഥതയിലെ റേഷൻ കടയിലാണ് സംഭവം നടന്നത്.
റെജിയും ഭാര്യയുമാണ് കട നടത്തുന്നത്. റെജിയുടെ ഭാര്യയും സെയിൽസ് വുമണുമായ സുനിതക്കാണ് മർദനം. കഴിഞ്ഞ രണ്ടു ദിവസമായി എല്ലാ റേഷൻ കടകളിലും ഇ പോസ് മെഷിൻ തകരാറാണ്. റേഷൻ വാങ്ങാൻ എത്തിയപ്പോൾ റേഷൻ സമയബന്ധിതമായി റേഷൻ നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു ആക്രമണവും. സുനിത കാട്ടാക്കട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ റെജി നെയ്യാർ ഡാം പോലീസിൽ പരാതി നൽകിയിട്ടുണ്ട്
ഇന്ന് റേഷൻ കടകൾ അടച്ചശേഷം താലൂക്ക് സപ്ലൈ ഓഫീസിനുമുന്നിൽ പ്രതിഷേധം നടത്താൻ സംസ്ഥാന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kattakkada, Ration shops