കൊല്ലം: അഞ്ചലിൽ കിടപ്പുമുറിയിൽ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവും കൂട്ടാളികളും പിടിയിൽ. ഏറെ ഒച്ചപ്പാടുണ്ടാക്കിയ അഞ്ചൽ ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര(25) മരണത്തിലാണ് ഭർത്താവ് സൂരജും കൂട്ടാളികളും പിടിയിലായത്. അടൂർ പറക്കോട് സ്വദേശിയായ സൂരജിനൊപ്പം രണ്ടു സഹായികളെയും പൊലീസ് പിടികൂടി. ഉറക്കത്തിൽ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് ആദ്യമുതൽക്കേ സംശയിച്ചത്. സാഹചര്യത്തെളിവുകൾ ലഭിച്ചതോടെ സൂരജിനെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 10000 രൂപ നൽകി വാങ്ങിയ പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായാണ് സൂചന.
ഉത്രയുടെ മരണത്തിൽ ഭർത്താവിന് പങ്കുണ്ടെന്നുകാട്ടി റൂറൽ എസ്.പി ഹരിശങ്കറിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഏറം വെള്ളിശേരിൽ വീട്ടിൽ 25കാരിയായ ഉത്ര വീട്ടിനുള്ളിൽ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിലാണ് ദുരൂഹത ആരോപിച്ചാണ് അച്ഛൻ വിശ്വസേനനും, അമ്മ മണിമേഖലയും പരാതി നൽകിയത്.
മെയ് ഏഴിനാണ് ഏറത്തെ കുടുംബ വീട്ടിൽ കിടപ്പു മുറിയിൽ മരിച്ച നിലയിൽ ഉത്രയെ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഇടത് കൈയ്യിൽ പാമ്പു കടിയേറ്റതിന്റെ പാട് കണ്ടെത്തി. അടൂരിലെ ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പു കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സർപ്പ ദംശനമേറ്റത്. ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പു കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടിൽ ബോധം കെട്ട് വീണ ഉത്രയുടെ കാല് പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി അന്ന് മനസ്സിലായത്.
Also Read -
കൊല്ലത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഭർത്താവിനെതിരായ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും
ഗുരുതരാവസ്ഥയിലായിരുന്ന ഉത്ര ഏറെനാളത്തെ ചികിത്സയ്ക്കുശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. തുടർ ചികിത്സയ്ക്കായി സ്വന്തം വീട്ടിലെത്തിയ ഉത്ര അവിടെവെച്ച് മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് മരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. ഈ സമയത്ത് സൂരജ് വീട്ടിലുണ്ടായിരുന്നു. ഉത്രയുടെ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകമെന്നാണ് സൂചന.
അവിശ്വസിനീയമായ രീതിയിലായിരുന്നു ഉത്ര ജീവിതത്തിലേക്ക് തിരിച്ചു വന്നത്. എന്നാൽ പാമ്പു കടിയേറ്റ വിവരം ഉത്ര അറിഞ്ഞിരുന്നില്ലെന്നും, ഉടനെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും ഇതിൽ ദുരൂഹത ഉണ്ടെന്നും പരാതിയിൽ പറയുന്നു. രണ്ടാമത് പാമ്പു കടിയേറ്റ ദിവസം ഉത്രയോടൊപ്പം കിടപ്പു മുറിയിൽ ഉണ്ടായിരുന്ന ഭർത്താവ് സൂരജ് രാത്രിയിൽ കിടപ്പു മുറിയിടെ ജനാലകൾ തുറന്നിട്ടത് സംശയത്തിന് ഇട നൽകിയിട്ടുണ്ട്. ടൈല്‍ പാകിയതും, എ.സി ഉള്ളതുമായ കിടപ്പു മുറിയുടെ ജനാലകൾ രാത്രി ഉത്രയുടെ അമ്മ അടച്ചിരുന്നു. രാത്രി വളരെ വൈകി ഭർത്താവാണ് ജനാലകൾ വീണ്ടും തുറന്നിട്ടത്. പാമ്പിനെ ആദ്യം കണ്ടെത്തിയതും ഭർത്താവാണ്. വീട്ടിൽ പാമ്പ് ശല്യം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.
Read Also-
പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നതോ? യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം
അടൂരിൽ ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പു കടി ഏൽക്കുന്നതിന് മുമ്പ് ഒരു തവണ സ്റ്റേയർ കേയ്‌സിന് സമീപത്തായി ഉത്ര പമ്പിനെ കണ്ടിരുന്നു. അന്ന് ഭർത്താവായ സൂരജ് നിസാരമായി പാമ്പിനെ പിടികൂടി പുറത്ത് കൊണ്ടു പോയി. പാമ്പാട്ടികളുമായി സൂരജിന് ബന്ധമുണ്ടെന്ന് പരാതിയിൽ പറയുന്നു. അന്ന് അണലി വർഗ്ഗത്തിൽപ്പെട്ട പാമ്പാണ് വീട്ടിൽ കണ്ടതും ഉത്രയെ കടിച്ചതും. എന്നാൽ രണ്ടാമതാകട്ടെ മൂർഖൻ പാമ്പാണ് കടിച്ചത്. മാരക വിഷമുള്ള പാമ്പു കടിച്ചാൽ വേദന കാരണം ഉണരേണ്ടതാണെന്ന് വിദഗ്ദർ ചൂണ്ടി കാട്ടുന്നു.
TRENDING:LockDown|വിവാഹം നീണ്ടുപോകുന്നു; ക്ഷമനശിച്ച വധു വീട്ടിൽ നിന്ന് ഒളിച്ചോടി; 80 കിലോമീറ്റർ നടന്ന് വരന്റെ അടുത്തെത്തി [NEWS]'പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല' - ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ [NEWS]COVID 19| രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു; ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 207 പേർക്ക് [NEWS]
മകൾക്ക് വിവാഹത്തിന് നൽകിയ 100 പവൻ സ്വർണാഭരണങ്ങളും, പണവും കാണാനില്ലെന്നും, വിശദമായ അന്വേഷണത്തിലൂടെ മരണ കാരണം പുറത്ത് കൊണ്ടു വരണമെന്നും അച്ഛൻ വിശ്വസേനനും, സഹോദരൻ വിഷ്ണുവും ആവശ്യപ്പെട്ടു. ഭർത്താവിന്‍റെ നിർബന്ധത്താൽ നിരവധി തവണ ഉത്ര സ്വന്തം മാതാപിതാക്കളിൽ നിന്ന് പണം വാങ്ങി നൽകിയിരുന്നതായും കുടുംബം പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.