പത്തനംതിട്ട : സ്‌കൂൾ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നഗരത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിലായിരുന്നു കൈയാങ്കളി. സോഡാകുപ്പി കൊണ്ട് അടിയേറ്റ് 17കാരന്റെ തലപൊട്ടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നഗരത്തെ നടുക്കിയ സംഭവം. പതിനേഴ് വയസിൽ താഴെയുള്ളവരാണ് പോരടിച്ചവരിലധികവും. പ്രമാടം സ്വദേശിയായ പതിനേഴുകാരനാണ് തലയ്ക്ക് പരിക്കേറ്റത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തിൽ പങ്കെടുത്ത നാലുപേരെ പത്തനംതിട്ട പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. വടശേരിക്കര, സീതത്തോട്, പ്രമാടം ഭാഗങ്ങളിലുള്ളവരാണ് ഇവർ. പൊലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തി.
പെൺകുട്ടികളുമായുള്ള സൗഹൃദങ്ങളുടെ പേരിലുണ്ടായ തർക്കങ്ങളാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ പതിവാണ്. മുമ്പ് വൈകുന്നേരം സ്‌കൂൾ വിട്ടുവന്ന ശേഷമാണ് പോർ വിളിച്ച് അടി നടത്തിയിരുന്നത്. ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്നലെ സംഘർഷം. പരീക്ഷാ ദിവസമായ ഇന്നലെ സ്‌കൂൾ വിട്ട് ഉച്ചയ്ക്ക് സ്റ്റാൻഡിലെത്തി സംഘർഷത്തിലേർപ്പെടുകയായിരുന്നു.
Also Read- 25,000 രൂപ കൈക്കൂലിക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് ഡിവൈഎസ്പി 50,000 രൂപ കൈക്കൂലി വാങ്ങി
കസ്റ്റഡിയിലായ പരിക്കേറ്റ യുവാവിൽ നിന്ന് ചുറ്റികയും ബ്ലേഡും പൊലീസ് പിടിച്ചെടുത്തു. ഇയളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. എതിർ സംഘം സോഡാക്കുപ്പി കൊണ്ട് തലയ്ക്കടിച്ചതായി ഇയാൾ പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ വെല്ലുവിളി നടത്തിയ ശേഷമാണ് ഇന്നലെ യുവാക്കൾ നഗരത്തിൽ ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടികളുടെ പേരിലാണ് മിക്കപ്പോഴും സംഘർഷമുണ്ടാകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Pathanamthitta, Students