സജ്ജയ കുമാർ, കന്യാകുമാരി
കന്യാകുമാരി ജില്ലയിൽ യുവതിയെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മൂന്ന് ഓട്ടോ ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു.ഒളിവിൽ പോയ രണ്ട് പേരെ പൊലീസ് തിരയുന്നു. അരുമനൈക്ക് സമീപം മേല്പുറം ജംഗ്ഷനിലായിരുന്നു സംഭവം.
മേല്പുറം സ്വദേശിനി കലയെ (35)ആണ് കെട്ടിയിട്ട് മർദിച്ചത്.മേല്പുറം, പാകോട് സ്വദേശികളായ നടരാജിന്റെ മകൻ ശശി(47), നാഗേന്ദ്രന്റെ മകൻ വിനോദ് (44), അമ്പയ്യന്റെ മകൻ വിജയകാന്ത് (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്യ്തത്. ഒളിവിൽ പോയ ഗുണ്ട ദിപിൻ, അരവിന്ദ് എന്നിവരെ പൊലീസ് തിരയുന്നു.
Also Read- കൊല്ലങ്കോട് തൂക്കം 16-ന് കൊടിയേറും;10 ലക്ഷം ഭക്തരെത്തുമെന്ന് സംഘാടകർ
അശ്ലീലത്തിന് മറുപടി മുളകുപൊടി
സംഭവം ഇങ്ങനെ: വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച കല മാർത്താണ്ഡത്ത് മസ്സാജ് സെന്റർ നടത്തുകയാണ്. മേല്പുറം ജംക്ഷൻ വഴി നടന്ന് പോകുമ്പോൾ ഓട്ടോ സ്റ്റാൻഡിലുള്ള ഡ്രൈവർമാർ അവരെക്കുറിച്ച് അശ്ലീലം പറയുന്നത് പതിവായിരുന്നു. ഇത് സഹിക്കാൻ വയ്യാതെ കല കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് മുളകുപൊടി പൊതിഞ്ഞ് കൈയിൽ സൂക്ഷിച്ചു. രാവിലെ ഡ്രൈവർമാർ കലയെ കണ്ടതും പതിവുപോലെ അശ്ലീലം പറഞ്ഞു. തുടർന്ന് കല കൈയിൽ കരുതിയിരുന്ന മുളകുപൊടി എടുത്ത് അവരുടെ മുഖത്ത് വിതറി. ഇതിൽ പ്രകോപിതരായ ഡ്രൈവർമാർ കലയെ അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു.
പോലീസ് എത്തിയത് ഒന്നര മണിക്കൂറിന് ശേഷം
ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നര മണിക്കൂറിന് ശേഷം അരുമനൈ പൊലീസ് സംഭവസ്ഥലത്ത് എത്തി കലയെ രക്ഷിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ 5 പേർക്ക് നേരെ കേസെടുക്കുകയും മൂന്നു പേരെ റിമാൻഡ് ചെയ്യുകയും ചെയ്തു. ഒളിവിൽ പോയ ദിപിന്റെ പേരിൽ നിരവധി കേസുകളുണ്ട്. എന്നാൽ ഇയാളുടെ സഹോദരി പൊലീസ് ആയത് കൊണ്ടാണ് ദിപിനെ അറസ്റ്റ് ചെയ്യാത്തത് എന്ന് ആക്ഷേപവുമുണ്ട്.
ഓടിക്കൂടിയ നാട്ടുകാർ ചിത്രം എടുത്തത് ‘ ലോകം മുഴുവനും വനിതാദിനം ആഘോഷിച്ചതിന്റെ പിറ്റേന്ന് സ്ത്രീയെ റോഡിൽ കെട്ടിയിട്ട് മർദിക്കുന്നു’ എന്ന ക്യാപ്ഷനോട് കൂടി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
‘ആരും രക്ഷിച്ചില്ല;എല്ലാവരും ഫോട്ടോ എടുത്തു’
‘എന്നെ ഒന്നര മണിക്കൂർ മേല്പുറം ജംഗ്ഷനിലുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടിട്ടും ഒരാളും രക്ഷിക്കാൻ വന്നില്ല. പകരം അവർ വന്ന് മൊബൈൽ ഫോണിൽ ഫോട്ടോയും വീഡിയോയും എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പരത്തുകയാണ് ചെയ്തത്,’ എന്നായിരുന്നു കലയുടെ പ്രതികരണം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.