പട്ന: പത്തൊൻപതുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ബിഹാറിലെ കൃഷ്ണഗഞ്ചില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പാടത്തു പുല്ലുചെത്തുകയായിരുന്ന പെൺകുട്ടിയെ ഒരു എസ് യു വിയിലെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒരു ഒഴിഞ്ഞ പ്രദേശത്തെത്തിച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കൾ അറസ്റ്റിലായിട്ടുണ്ട്. യുവതിക്ക് അറിയുന്ന ആളുകൾ തന്നെയാണ് പ്രതികളെന്നാണ് റിപ്പോർട്ട്.
Also Read-ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ മരുമകൻ അറസ്റ്റിൽ
നിലവിൽ കൃഷ്ണഗഞ്ച് സദര്‍ ഹോസ്പിറ്റലില്‍ ചികിത്സയിൽ കഴിയുകയാണ് യുവതി. ഇവരുടെ വൈദ്യപരിശോധന പൂർത്തിയായെന്നും ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് സൂപ്രണ്ടന്‍റ് കുമാർ ആശിഷ് അറിയിച്ചത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വേഗത്തിൽ തന്നെ വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം റിമാൻഡ് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം യുപിയിലും സമാന രീതിയിലുള്ള പീഡനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 22കാരിയായ ദളിത് പെൺകുട്ടിയെ വീടിനുള്ളിൽ അതിക്രമിച്ചു കയറി തോക്കിൻ മുനയിലാണ് പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ മുൻ ഗ്രാമമുഖ്യനായിരുന്ന ആള്‍ ഉൾപ്പെടെ രണ്ട് പേർക്കെതിരെ പരാതിയുമായി കുടുംബം പൊലീസിനെ സമീപിക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.