ആലപ്പുഴ: കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് സംഭവം. സദ്യയ്ക്കിടെ ഉണ്ടായ കൂട്ടത്തല്ലിൽ മൂന്നു പേർക്ക് പരിക്കേറ്റു. മുരളീധരൻ (65) ജോഹൻ (24 ) ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഹരിപ്പാട് മുട്ടത്ത് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനിടെയാണ് സംഘർഷമുണ്ടായത്. വരന്റെ സുഹൃത്തുക്കളിൽ ചിലർ വിവാഹത്തിനുശേഷം ഭക്ഷണം വിളമ്പുന്നതിനിടയിൽ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടു. എന്നാൽ രണ്ടാമത് പപ്പടം നൽകാനാകില്ലെന്ന് വിളമ്പുന്നവർ അറിയിച്ചതോടെ വാക്കുതർക്കമായി.
വാക്കുതർക്കം രൂക്ഷമാകുകയും കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. ഇന്നലെ രണ്ടുമണിക്ക് നടന്ന സംഭവത്തിൽ ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ച് ഇരു കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. കരീലകുളങ്ങര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Crime news