ഡ്രൈവിങ് ടെസ്‌റ്റ് പാസാക്കാൻ ഏജന്റിലൂടെ കൈക്കൂലി വാങ്ങുന്നതിനിടെ വെഹിക്കിൾ ഇൻസ്‌പെക്‌ടർ വിജിലൻസ് പിടിയിൽ
- Published by:Sarika N
- news18-malayalam
Last Updated:
ഇരുചക്ര വാഹന ലൈസൻസിന് 300 രൂപയും നാലുചക്ര വാഹനത്തിന് 400 രൂപയും വീതം ബിജു നിർബന്ധിച്ച് വാങ്ങിയിരുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു
ചേർത്തല: ഡ്രൈവിങ് ടെസ്റ്റ് പാസാക്കുന്നതിനായി ഏജന്റ് വഴി കൈക്കൂലി വാങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. ചേർത്തല ജോയിന്റ് സബ് ആർടി ഓഫീസിലെ എംവിഐ കെ.ജി. ബിജു ആണ് അറസ്റ്റിലായത്. ബിജുവിനായി തുക കൈപ്പറ്റിയ ഏജന്റ് ജോസിനെയും വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ബിജു താമസിക്കുന്ന ചേർത്തല എക്സ്റേ കവലയിലെ വീട്ടിൽ വെച്ചാണ് വിജിലൻസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇരുചക്ര വാഹന ലൈസൻസിന് 300 രൂപയും നാലുചക്ര വാഹനത്തിന് 400 രൂപയും വീതം ബിജു നിർബന്ധിച്ച് വാങ്ങിയിരുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. കൈക്കൂലി നൽകാത്ത സ്കൂളുകളിലെ വിദ്യാർത്ഥികളെ ഇയാൾ മനഃപൂർവം പരീക്ഷയിൽ തോൽപ്പിക്കാറുണ്ടെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ജനുവരി ഒമ്പതിന് മുഹമ്മയിൽ നടന്ന ഡ്രൈവിങ് ടെസ്റ്റിൽ വിജയിച്ച അഞ്ച് പേരുടെ ലൈസൻസ് അനുവദിക്കാൻ 2500 രൂപ ഏജന്റ് ജോസിനെ ഏൽപ്പിക്കാൻ ബിജു നിർദ്ദേശിച്ചിരുന്നു. ഈ തുക വീട്ടിലെത്തി കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം ഇരുവരെയും പിടികൂടിയത്.
advertisement
കൈക്കൂലി തുകയായ 2500 രൂപയ്ക്ക് പുറമെ ബിജുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 11,000 രൂപ കൂടി വിജിലൻസ് കണ്ടെടുത്തു. കോട്ടയം റേഞ്ച് വിജിലൻസ് എസ്പി ആർ. ബിനുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പത്തനംതിട്ട നെടുമ്പ്രം സ്വദേശിയായ ബിജു ഏറെക്കാലമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.
Location :
Cherthala,Alappuzha,Kerala
First Published :
Jan 31, 2026 12:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡ്രൈവിങ് ടെസ്‌റ്റ് പാസാക്കാൻ ഏജന്റിലൂടെ കൈക്കൂലി വാങ്ങുന്നതിനിടെ വെഹിക്കിൾ ഇൻസ്‌പെക്‌ടർ വിജിലൻസ് പിടിയിൽ










