• HOME
 • »
 • NEWS
 • »
 • crime
 • »
 • Dileep| ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച; വാദം പൂർത്തിയായി

Dileep| ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച; വാദം പൂർത്തിയായി

തിങ്കളാഴ്ച രാവിലെ 10.30ന് ജസ്റ്റിസ് പി ഗോപിനാഥാണ് വിധി പറയുക.

ദിലീപ്

ദിലീപ്

 • Last Updated :
 • Share this:
  കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ (conspiracy case) നടൻ ദിലീപിന്റെ (Dileep) മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി (High Court) തിങ്കളാഴ്ച വിധി പറയും. ഹർജിയിൽ ഇരുപക്ഷത്തിന്റെയും വാദം ഇന്നത്തോടെ പൂർത്തിയായി. തിങ്കളാഴ്ച രാവിലെ 10.30ന് ജസ്റ്റിസ് പി ഗോപിനാഥാണ് വിധി പറയുക. അതേസമയം, കുറച്ചു കാര്യങ്ങൾ കൂടി പറയാനുണ്ടെന്നും വിശദമായ പ്രതിവാദക്കുറിപ്പ് നൽകുമെന്നും പ്രതിഭാഗം അറിയിച്ചു.

  വെള്ളിയാഴ്ച പ്രോസിക്യൂഷനാണ് വാദങ്ങൾ നിരത്തിയത്. സമാനതയില്ലാത്ത കുറ്റകൃത്യത്തിൽ നിന്നാണ് കേസിന്റെ തുടക്കമെന്ന് വാദത്തിനിടെ പ്രോസിക്യൂഷൻ ആരോപിച്ചു. സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭിക്കുന്നതിനാണ് ദിലീപ് ക്വട്ടേഷൻ കൊടുത്തത്. കൃത്യമായ ആസൂത്രണത്തോടെ ബുദ്ധിപരമായി ലക്ഷ്യം കണ്ടു. നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ തന്ത്രവുമൊരുക്കി. ഐപിസി തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റമാണ് ദിലീപ് ചെയ്തത്. അതുകൊണ്ടുതന്നെ ദിലീപിന് മുൻകൂർ ജാമ്യം ലഭിക്കാൻ അർഹതയില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

  'ബാലചന്ദ്രകുമാർ ദൃക്സാക്ഷി'

  സംവിധായകൻ ബാലചന്ദ്രകുമാര്‍ ഗൂഢാലോചനയുടെ ദൃക്‌സാക്ഷിയാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മൊഴിയിലുള്ള ചെറിയ വൈരുധ്യങ്ങള്‍ കണക്കിലെടുക്കാതെ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കണം. വിശ്വാസ്യമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരം പരിഗണിക്കാമെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ മുൻ ഉത്തരവ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിന്റെ പ്രാഥമിക അന്വേഷണ ഘട്ടത്തിലാണ്. വ്യക്തമായ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്നതോടെ ഫോണുകളെല്ലാം മാറിയതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

  ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഗ്രൂപ്പിലിട്ടു തട്ടണമെന്ന് ദിലീപ് അനൂപിനോട് പറഞ്ഞു. ഇതിന്റെ ഓഡിയോ ക്ലിപ്പുണ്ട്. ആലുവ പൊലീസ് ക്ലബിനു മുന്നിലൂടെ പോകുമ്പോള്‍ എല്ലാവരെയും കത്തിക്കണമെന്നു പറഞ്ഞു. എ വി ജോര്‍ജിനും ബി സന്ധ്യക്കും ഓരോ പൂട്ടു മാറ്റിവച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു. ഇതിന്റെയെല്ലാം ഓഡിയോ ക്ലിപ്പുണ്ട്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ വ്യവസായി സലീമിനെ മൊഴിമാറ്റാനായി 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തു. ദിലീപിന്റെ സുഹൃത്ത് ശരത്താണ് ഇതിനു പിന്നിൽ. സലീമിന്റെ മൊഴി നിർണായകമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

  'ബൈജു പൗലോസിനെ ദിലീപ് ഭീഷണിപ്പെടുത്തി'

  കോടതിയിൽവച്ചു കണ്ടപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ദിലീപ് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. ‘സാറ് കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ’ എന്ന് ദിലീപ് ചോദിച്ചത് ഭീഷണിയാണ്. ബാലചന്ദ്രകുമാർ ചാനലിൽ നൽകിയ അഭിമുഖത്തെ തുടർന്നാണ് ബൈജു പൗലോസിന്റെ പരാതി വരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് ഉദ്യോഗസ്ഥരെയും വകവരുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാണ്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവ് ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നത്. സ്ഥിരതയുള്ള മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

  'വിശ്വാസ്യതയുള്ള സാക്ഷി'

  നിയമപരമായി വിശ്വാസ്യതയുള്ള സാക്ഷിയാണ് ബാലചന്ദ്രകുമാർ. ഓ‍ഡിയോയും മറ്റും പിന്തുണ നൽകുന്ന തെളിവ് മാത്രമാണ്. ഗൂഢാലോചന തികച്ചും രഹസ്യാത്മകമായാണ് നടന്നിരിക്കുന്നത്. ബാലചന്ദ്രകുമാറുമായി മറ്റെന്തെങ്കിലും തരത്തിലുള്ള കേസ് പ്രതിക്ക് ഇല്ല. നേരിട്ടുള്ള തെളിവാണ് ബാലചന്ദ്രകുമാർ. ഡിവൈഎസ്പി ബൈജു പൗലോസിന് ബാലചന്ദ്രകുമാറുമായി മുന്‍പരിചയമില്ല. തുടരന്വേഷണത്തിന് അപേക്ഷ നല്‍കുക മാത്രമാണ് ബൈജു പൗലോസ് ചെയ്തത്. എഫ്ഐആർ റജിസ്റ്റർ ചെയ്തതിൽ അസ്വാഭാവികമായി ഒന്നുമില്ല. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന വാദം നിലനില്‍ക്കില്ല.

  'ശാപവാക്കല്ല, നടന്നത് ഗൂഢാലോചന'

  അന്വേഷണ ഉദ്യോഗസ്ഥർക്കd പണി കൊടുക്കണമെന്ന് ദിലീപ് ഉൾപ്പെടെ ആറുപേർ ഉള്ള സംഘം തീരുമാനം എടുത്തു. നല്ല പണികൊടുക്കും എന്നd ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകും. ഇതു തീരുമാനമെടുത്തതാണ്. ഗൂഢാലോചന നടക്കുമ്പോൾ, തീരുമാനിക്കുമ്പോൾ, ബാലചന്ദ്രകുമാർ സാക്ഷിയാണ്. ബാലചന്ദ്രകുമാർ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച ടാബിൽനിന്ന് ലാപ് ടോപ്പിലേക്ക്‌ കോപ്പി ചെയ്തു സൂക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് പറഞ്ഞതും ജീവന് ഭീഷണി ഉള്ളതും ഭാര്യയോട് അന്ന് പറഞ്ഞിട്ടുണ്ട്. ഇത് കോടതിക്കു പരിശോധിക്കാം.

  കസ്റ്റഡിയിൽ ചോദ്യം ചെയ്യണം

  ഫലപ്രദമായ അന്വേഷണത്തിന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. കസ്റ്റഡിയിലെടുത്തുള്ള അന്വേഷണത്തിൽ മാത്രമേ വസ്തുതകൾ ശേഖരിക്കാനാവൂ. പ്രതികൾക്ക് സംരക്ഷണ ഉത്തരവ് നൽകിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഈ പ്രതികൾക്കു മാത്രം എന്താണ് പ്രത്യേകത? നടിയെ ആക്രമിച്ച കേസിൽ ആരും ഉപദ്രവിച്ചിട്ടില്ലെന്ന് പ്രതികൾ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് ഇവർ പേടിക്കുന്നത്. സെലിബ്രറ്റികളാണെന്നത് കേസിൽ ബാധകമല്ല. നിലവിൽ അന്വേഷണം നിലച്ചിരിക്കുകയാണ്. ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കും. പ്രതികൾ ഒരേസമയം ഫോണുകൾ മാറി ഉപയോഗിച്ചത് തെളിവുകൾ ഇല്ലാതാക്കാനാണെന്നും പ്രോസിക്യൂഷൻ വാദത്തിനിടെ പറഞ്ഞു.

  'ബാലചന്ദ്രകുമാർ മാനിപ്പുലേറ്റർ'

  പൊലീസിന്റെ നാവാണ് പ്രോസിക്യൂഷനെന്ന് ദിലീപിന്റെ അഭിഭാഷകൻ മറുപടിയായി പറഞ്ഞു. പ്രോസിക്യൂഷൻ പൊലീസിനെ പോലെ സംസാരിക്കരുത്. കോടതി ചോദ്യം ചെയ്യലിന് അനുവദിച്ച ഒരു ദിവസവും നിസ്സഹകരണമുണ്ടായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നത് അടിസ്ഥാനരഹിതമാണ്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് എസ്പി മാധ്യമങ്ങളോടു പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനോട് ‘സർ കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ..’ എന്ന് പറഞ്ഞതു ഭീഷണിയല്ല. കള്ളം പറഞ്ഞാലും എഴുതിക്കൊടുക്കാൻ പാടുണ്ടോ? അന്വേഷണ ഉദ്യോഗസ്ഥനെ കോടതിയിൽവച്ചു കൊല്ലാൻ ഭീഷണിപ്പെടുത്തിയ ദിലീപ് എത്ര ഭയങ്കരനാണെന്നല്ലേ ആളുകൾ വിചാരിക്കൂ?

  സുദർശനനും സോജനും നല്ല ശിക്ഷ കൊടുക്കും എന്ന് പറഞ്ഞാൽ ദൈവം കൊടുക്കുമെന്നാകാം, മറ്റാരെങ്കിലും കൊടുക്കുമെന്നുമാകാം. ‘നിങ്ങൾ അഞ്ച് ഉദ്യോഗസ്ഥർ അനുഭവിക്കും’, ‘നിങ്ങൾ അഞ്ച് ഉദ്യോഗസ്ഥർ അനുഭവിക്കാൻ പോകുകയാണ്..’ - രണ്ടിടത്ത് ഇങ്ങനെ മൊഴികളിൽ വ്യത്യാസം വന്നതിനെ ദിലീപിന്റെ അഭിഭാഷകൻ ചോദ്യം ചെയ്തു. ബാലചന്ദ്രകുമാറിനെതിരെയും കടന്നാക്രമിച്ചു. ബാലചന്ദ്രകുമാറിന് എന്തും മാനിപ്പുലേറ്റു ചെയ്യാം, അയാൾ സിനിമാ സംവിധായകനാണ്, മാനിപ്പുലേറ്ററാണ്. ബാലചന്ദ്രകുമാർ ദിലീപ് പറയുന്നത് കേട്ടു തലയാട്ടി എന്നു പോലും പറയുന്നില്ല. എല്ലാവരും ഇതുകേട്ടു മിണ്ടാതിരുന്നു എന്നാണോ എന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു.
  Published by:Rajesh V
  First published: